കടാശ്വാസം: പഞ്ചാബ് മാതൃകയാക്കാൻ കോൺഗ്രസിന്റെ വെല്ലുവിളി

ന്യൂഡൽഹി ∙ പഞ്ചാബിൽ കാർഷിക കടം എഴുതിത്തള്ളിയ മാതൃകയിൽ ദേശീയതലത്തിൽ കടാശ്വാസം പ്രഖ്യാപിക്കാൻ മോദി സർക്കാരിനു കോൺഗ്രസിന്റെ വെല്ലുവിളി. യുപിയിലും മഹാരാഷ്ട്രയിലും ബിജെപി കടാശ്വാസം പ്രഖ്യാപിച്ചതിനു പിന്നാലെയാണു പഞ്ചാബിൽ കോൺഗ്രസ് സർക്കാരിന്റെ നടപടി. 

വിശദ പഠനം നടത്തി പൂർണ തയാറെടുപ്പോടെയാണു മുഖ്യമന്ത്രി ക്യാപ്റ്റൻ അമ്‌രിന്ദർ സിങ് തീരുമാനമെടുത്തതെന്നു പിസിസി അധ്യക്ഷൻ സുനിൽ ജക്കർ അവകാശപ്പെട്ടു. രണ്ടു സംസ്ഥാനങ്ങളിൽ ബിജെപി കൈക്കൊണ്ടതു കണ്ണിൽ പൊടിയിടാനുള്ള നടപടിയായിരുന്നു. എന്നാൽ, പഞ്ചാബിൽ കോൺഗ്രസിനു വ്യക്തമായ കർമപദ്ധതിയുണ്ട്.

സംസ്ഥാനത്തെ 13 ലക്ഷം കർഷക കുടുംബങ്ങൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഒന്നാം യുപിഎ സർക്കാരിന്റെ മാതൃകയിൽ, ബാങ്കുകളിൽ കുടിശികയുള്ള കാർഷിക കടം സർക്കാർ ഏറ്റെടുക്കുകയാണു ചെയ്യുക. 8.75 ലക്ഷം പേർക്കു പൂർണ കടാശ്വാസം ലഭിക്കും. ഇതേസമയം, പദ്ധതിക്ക് 1,500 കോടി രൂപ മാത്രമാണു നീക്കിവച്ചിരിക്കുന്നതെന്നും പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാൻ ഇതു പോരെന്നും സംസ്ഥാനത്തെ പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. വൻ കടക്കെണിയിലായ സംസ്ഥാനത്തെ കൂടുതൽ സാമ്പത്തിക ദുരിതത്തിലേക്കു തള്ളിയിടുന്ന ജനപ്രിയ തീരുമാനമാണിതെന്നും ആക്ഷേപമുണ്ട്.