ബഹിരാകാശ ഗവേഷണം അടക്കം 11 ഇന്ത്യ – പോർച്ചുഗൽ കരാറുകൾ

ത്രിരാഷ്ട്ര സന്ദർശിക്കുന്നതിനു തുടക്കം കുറിച്ചു പോർച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലിസ്ബണിൽ പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയ്ക്കൊപ്പം. (ചിത്രം കടപ്പാട്: പിടിഐ)

ലിസ്ബൺ∙ ഇന്ത്യ, പോർച്ചുഗൽ ബന്ധം ദൃഢമാക്കി 11 കരാറുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറുകളിൽ ഒപ്പു വച്ചത്. ബഹിരാകാശ ഗവേഷണം, ഇരട്ട നികുതി ഒഴിവാക്കൽ, നാനോ ടെക്നോളജി, സാംസ്കാരിക വിനിമയം തുടങ്ങിയ രംഗങ്ങളിലാണു സഹകരണത്തിനു ധാരണയായത്. പോർച്ചുഗൽ–ഇന്ത്യ ബിസിനസ് സ്റ്റാർട്ടപ്പ് ഹബും മോദി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങൾക്കായി 40 ലക്ഷം യൂറോയുടെ സംയുക്തഫണ്ടും പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിലും കാലാവസ്ഥാ പഠനങ്ങളിലും സഹകരിക്കാനും ധാരണയായി.

ത്രിരാഷ്ട്ര സന്ദർശനത്തിനു തുടക്കംകുറിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗലിലെത്തിയത്. വിമാനത്താവളത്തിൽ പോർച്ചുഗൽ വിദേശകാര്യമന്ത്രി അഗസ്റ്റോ സാന്റോസ് സിൽവ അദ്ദേഹത്തെ സ്വീകരിച്ചു. പോർച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി മോദി ചർ‌ച്ച നടത്തി. ഈ വർഷം ജനുവരിയിൽ കോസ്റ്റ ഇന്ത്യ സന്ദർശിച്ചിരുന്നു. അന്നുണ്ടാക്കിയ ഉടമ്പടികളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ഗോവ പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗൽ അധീനതയിലായിരുന്നപ്പോൾ നടന്ന ഭരണപരമായ കത്തിടപാടുകളുടെ ഡിജിറ്റൽ പതിപ്പും അധികൃതർ മോദിക്കു കൈമാറി.

പോർച്ചുഗലിൽനിന്നു യുഎസിലേക്കു പോകുന്ന മോദി 26നു വാഷിങ്ടനിൽ പ്രസിഡന്റ് ട്രംപിനെ കാണും. ഇരുവരും ആദ്യമായാണു നേരിൽ കാണുന്നത്. ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സിഇഒമാരെയും മോദി കാണുന്നുണ്ട്. പിന്നീട് 27ന് അദ്ദേഹം നെതർലൻഡ്സിലേക്കു പോകും. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ, രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ എന്നിവരെ സന്ദർശിച്ചു ചർച്ച നടത്തും.

പോർച്ചുഗലിൽ‌ മോദിക്ക് ഗുജറാത്തി ഭക്ഷണം

ലിസ്ബൺ ∙ പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ഒരുക്കിയതു തനി ഗുജറാത്തി ഉച്ചഭക്ഷണം. മറുനാട്ടിൽ കിട്ടിയ, എല്ലാ ഗുജറാത്തി വിഭവങ്ങളും ചേർന്ന നാടൻഭക്ഷണം മോദി ആസ്വദിച്ചു കഴിച്ചു.

കഴിഞ്ഞ ജനുവരിയിൽ അന്റോണിയോ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനും നാടുമായി ബന്ധപ്പെട്ട സ്മരണകൾ അയവിറക്കാൻ അവസരം ലഭിച്ചിരുന്നു. ഗോവയിൽ തന്റെ പൂർവികർ താമസിച്ചിരുന്ന വീട് അദ്ദേഹം സന്ദർശിക്കുകയും ഇന്ത്യയിൽ താമസിക്കുന്ന ചില ബന്ധുക്കളെ കാണുകയും ചെയ്തിരുന്നു.