Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ നയം; അന്തിമകരട് തയാറാക്കാൻ സമിതി

kasthuri-alphons അൽഫോൻസ് കണ്ണന്താനം, ഡോ. കെ.കസ്‌തൂരിരംഗൻ

ന്യൂഡൽഹി∙ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തിമ കരട് തയാറാക്കാൻ പ്രമുഖ ശാസ്‌ത്രജ്‌ഞൻ ഡോ. കെ.കസ്‌തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതി രൂപീകരിക്കാൻ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. അംഗങ്ങളെ 10 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

രൂപീകരണ സമിതിയിൽ അൽഫോൻസ് കണ്ണന്താനം, ഡോ. വസുധ കാമത്ത്, ഡോ. മഞ്‌ജുൾ ഭാർഗവ, ഡോ. റാം ശങ്കർ കുരീൽ, ഡോ. ടി.വി.കട്ടിമണി, കൃഷ്‌ണ മോഹൻ ത്രിപാഠി, ഡോ. മസിർ ആസിഫ്, ഡോ. എം.കെ.ശ്രീധർ എന്നിവർ അംഗങ്ങളാണ്. മോദി സർക്കാർ ഇതു രണ്ടാം തവണയാണ് കരട് തയാറാക്കാൻ സമിതിയെ നിയോഗിക്കുന്നത്.

വിദ്യാഭ്യാസ നയത്തിന്റെ കരട് തയാറാക്കാൻ മുൻ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ.സുബ്രഹ്മണ്യം അധ്യക്ഷനായ സമിതിയെ സ്‌മൃതി ഇറാനി മാനവവിഭവശേഷി വകുപ്പു കൈകാര്യം ചെയ്‌തപ്പോൾ 2015 ഒക്‌ടോബറിൽ നിയമിച്ചിരുന്നു. സമിതി കഴിഞ്ഞ വർഷം മേയ് 27നു റിപ്പോർട്ട് നൽകി.

വിദ്യാഭ്യാസ നയം സംബന്ധിച്ച് ഒട്ടേറെ അഭിപ്രായങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അവയും സുബ്രഹ്മണ്യം സമിതിയുടെ നിർദേശങ്ങളും ഉടനെ പ്രവർത്തനം തുടങ്ങുന്ന പുതിയ സമിതി പരിഗണിക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.

കരട് നയം തയാറാക്കാനാണ് സുബ്രഹ്മണ്യം സമിതിയെ നിയോഗിച്ചതെങ്കിലും അന്നത്തെ മന്ത്രി സ്‌മൃതി ഇറാനിയും സുബ്രഹ്മണ്യവുമായുണ്ടായ തർക്കങ്ങൾക്കൊടുവിൽ, നയം തയാറാക്കുന്നതിനു പരിഗണിക്കാനുള്ള ചില നിർദേശങ്ങളെന്ന തലക്കെട്ടോടെയാണ് സമിതിയുടെ റിപ്പോർട്ട് മന്ത്രാലയം പരസ്യപ്പെടുത്തിയത്.

ഇപ്പോൾ പുതിയ സമിതി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നു സുബ്രഹ്മണ്യം മനോരമയോടു പറഞ്ഞു. വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഒട്ടേറെ സമിതികൾ നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. അതിന്റെ കുറവല്ല, സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സ്‌ഥാപിത താൽപര്യക്കാരെ നേരിടാൻ സർക്കാരിന് ഉദ്ദേശ്യവും ഇച്ഛാശക്‌തിയും ഉണ്ടോയെന്നതാണു പ്രസക്‌തം.

കസ്തൂരിരംഗൻ അധ്യക്ഷനായി രണ്ടാം സമിതി

പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ടി.എസ്‌.ആർ.സുബ്രഹ്മണ്യം സമിതിയുടെ റിപ്പോർട്ട് പൂർണമായി അംഗീകരിക്കാൻ സാധിക്കാത്ത സ്‌ഥിതിയിലാണ് ഇപ്പോൾ ഡോ. കെ.കസ്‌തൂരിരംഗൻ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിക്കുന്നത്.

പശ്‌ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതി നൽകിയ ശുപാർശകൾ പൂർണമായി അംഗീകരിക്കാനാവാത്ത സ്‌ഥിതിയിൽ, ഡോ. കസ്‌തൂരിരംഗൻ അധ്യക്ഷനായ സമിതിയെ പരിസ്‌ഥിതി മന്ത്രാലയം നിയോഗിച്ചു. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ മൂന്നര വർഷത്തിൽ മൂന്നു കരട് വിജ്ഞാപനങ്ങളിറക്കി. ഇനിയും തുടർ നടപടികളായിട്ടില്ല.