Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ കണക്ക് നിലനിർത്തിക്കൊണ്ട് പുതിയ വിജ്ഞാപനം

ന്യൂഡൽഹി∙ കേരളത്തിന്റെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്നു പ്രദേശം (13,108 ചതുരശ്ര കിലോമീറ്റർ) പരിസ്ഥിതി ലോലമെന്ന കസ്തൂരി രംഗൻ സമിതിയുടെ കണ്ടെത്തലാണ് മലയോരമേഖലയിൽ ആശങ്ക സൃഷ്ടിച്ചത്. കേരളത്തിന്റെ മൊത്തം വിസ്തൃതി 38,863 കിലോമീറ്ററാണ്. അതിൽ 29,691 കിലോമീറ്ററും (76.4%) പശ്‌ചിമ ഘട്ടത്തിലുൾപ്പെടുന്ന താലൂക്കുകളാണ്. അതിൽത്തന്നെ 13,108 കിലോമീറ്റർ പ്രദേശം പരിസ്‌ഥിതി ലോലമെന്നായിരുന്നു (ഇഎസ്‌എ) കസ്‌തൂരിരംഗൻ സമിതി കണക്കാക്കിയത്.

എന്നാൽ, 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം മാത്രമാണ് ഇഎസ്‌എയെന്നാണ് സംസ്‌ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ സമിതി നേരിട്ടു നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിൽ കേന്ദ്രത്തെ അറിയച്ചത്. ഈ കണക്ക് തത്വത്തിൽ അംഗീകരിച്ചാണ് കരട് വിജ്‌ഞാപനത്തിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ദിവസമിറക്കിയ മൂന്നാമത്തെ കരട് വിജ്‌ഞാപനത്തിലും കേരളം നൽകിയ കണക്ക് നിലനിർത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾക്ക് സംസ്‌ഥാന ജൈവവൈവിധ്യ ബോർഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന നിർദേശവും ആവർത്തിച്ചിട്ടുണ്ട്.

ഇഎസ്‌എയിൽനിന്ന് ആരെയും കുടിയിറക്കുകയോ മാറ്റിപ്പാർപ്പിക്കുകയോ ഇല്ല. ഇഎസ്‌എ വ്യവസ്‌ഥകൾ ഭൂമിയുടെ ഉടമസ്‌ഥതയെ ബാധിക്കുന്നില്ല. കൃഷി നടത്തുന്നതിനും തോട്ടങ്ങൾക്കും തടസ്സമില്ല. വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മോടിപിടിപ്പിക്കുന്നതിനോ വലുപ്പം കൂട്ടുന്നതിനോ തടസ്സമുണ്ടാവില്ല. നിലവിലുള്ളതും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റ് ‘ചുവപ്പു’ ഗണത്തിൽ പെടുന്നതുമായ വ്യവസായങ്ങൾക്കു പ്രവർത്തനം തുടരാം. നിലവിലുള്ള ആശുപത്രികൾക്കും തുടരാം. പുതുതായി നിർദേശിക്കപ്പെട്ടിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങാം – മൂന്നാമത്തെ കരട് വിജ്‌ഞാപനവും വ്യക്‌തമാക്കുന്നു.

∙ പശ്‌ചിമഘട്ടം: ഏഴു വർഷത്തിന്റെ നാൾവഴി

4 മാർച്ച് 2010 – പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കാനും മറ്റു പരിസ്‌ഥിതി സംരക്ഷണ നടപടികൾക്കുമായി പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി വിദഗ്‌ധ സമിതിയെ നിയോഗിച്ചു. 11 ഓഗസ്‌റ്റ് 2011 – ഗാഡ്‌ഗിൽ സമിതി റിപ്പോർട്ട് നൽകി.

25 ജൂലൈ 2012 – പശ്‌ചിമ ഘട്ടത്തിൽ ഇഎസ്‌സെഡ് – 1 മേഖലയിൽ പരിസ്‌ഥിതി അനുമതിക്കുള്ള അപേക്ഷകൾ തീർപ്പാക്കേണ്ടത് ഗാഡ്‌ഗിൽ സമിതി നിർദേശങ്ങളുടെ അടിസ്‌ഥാനത്തിലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) ഇടക്കാല ഉത്തരവ്.

17 ഓഗസ്‌റ്റ് 2012 – ഗാഡ്‌ഗിൽ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ച് പഠിച്ച് നടപടികൾ നിർദേശിക്കാൻ കെ.കസ്‌തൂരിരംഗൻ അധ്യക്ഷനായി ഉന്നത സമിതിയെ പരിസ്‌ഥിതി മന്ത്രാലയം നിയോഗിക്കുന്നു.

15 ഏപ്രിൽ 2013 – കസ്‌തൂരിരംഗൻ സമിതി റിപ്പോർട്ട് നൽകി.

17 ഏപ്രിൽ 2013 – റിപ്പോർട്ട് മന്ത്രാലയം വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തി

19 ഒക്‌ടോബർ 2013 – റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചെന്നും പ്രധാന നിയന്ത്രണങ്ങൾ ഏതെന്നും വ്യക്‌തമാക്കി ആദ്യ ഓഫിസ് മെമ്മോറാണ്ടം

12 നവംബർ 2013 – പശ്‌ചിമഘട്ട മേഖലയിൽ പരിസ്‌ഥിതി അനുമതിക്ക് ഗാഡ്‌ഗിൽ സമിതി നിർദേശങ്ങൾ മാത്രമല്ല, കസ്‌തൂരിരംഗൻ സമിതിയുടെ റിപ്പോർട്ടിലെ നിർദേശങ്ങളും കണക്കിലെടുക്കാമെന്ന് എൻജിടി. മുൻ ഉത്തരവ് പരിഷ്‌കരിച്ചുള്ളതാണ് ഈ ഇടക്കാല ഉത്തരവ്.

13 നവംബർ 2013 – കേരളത്തിലെ 123 വില്ലേജുകളുൾപ്പെടെ പശ്‌ചിമ ഘട്ടങ്ങളുടെ പരിസ്‌ഥിതി ലോല പ്രദേശങ്ങൾക്കു കസ്‌തൂരിരംഗൻ സമിതി നിർദേശിച്ച നിരോധന നടപടികൾ ബാധകമാക്കി പരിസ്‌ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം സംസ്‌ഥാനങ്ങൾക്കു നിർദേശം.

16 നവംബർ 2013 – കസ്‌തൂരിരംഗൻ ശുപാർശകൾ നടപ്പാക്കുന്നതും തുടർനടപടികളും വിശദീകരിച്ച് രണ്ടാമത്തെ ഓഫിസ് മെമ്മോറാണ്ടം

20 ഡിസംബർ 2013 – കസ്‌തൂരിരംഗൻ ശുപാർശകൾ നടപ്പാക്കൽ പ്രക്രിയയെക്കുറിച്ചു കൂടുതൽ വ്യക്‌തതവരുത്തി മൂന്നാമത്തെ ഓഫിസ് മെമ്മോറാണ്ടം.

4 മാർച്ച് 2014 – പരിസ്‌ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് കേരളം ഉന്നയിച്ച ആവശ്യം അംഗീകരിച്ചതായും അതുൾപ്പെടുത്തി കരട് വിജ്‌ഞാപനമിറക്കുമെന്നും പുതിയ ഓഫിസ് മെമ്മോറാണ്ടവും പത്രക്കുറിപ്പും.

10 മാർച്ച് 2014 – ഇഎസ്‌എ സംബന്ധിച്ച് കേരളത്തിന്റെ നിർദേശങ്ങളും കസ്‌തൂരിരംഗൻ സമിതിയുടെ ഏതാനും ശുപാർശകളും ഉൾപ്പെടുത്തി ആദ്യത്തെ കരട് വിജ്‌ഞാപനം.

4 സെപ്‌റ്റംബർ 2015 – രണ്ടാമത്തെ കരട് വിജ്‌ഞാപനം.

27 ഫെബ്രുവരി 2017 – മൂന്നാമത്ത് കരട് വിജ്‌ഞാപനം.

കരട് വിജ്‌ഞാപനത്തെക്കുറിച്ച് അഭിപ്രായമറിയിക്കാൻ 60 ദിവസം സമയമുണ്ട്. വിലാസം: സെക്രട്ടറി, വനം – പരിസ്‌ഥിതി, കാലാവസ്‌ഥാ വ്യതിയാന മന്ത്രാലയം, ഇന്ദിര പര്യാവരൺ ഭവൻ, സിജിഒ കോംപ്ലക്‌സ്, ജോർബാഗ് റോഡ്, അലിഗഞ്ച്, ന്യൂഡൽഹി – 110003. ഇമെയിൽ : esz-mef@nic.in

Your Rating: