മീരാ കുമാറിനെ പിന്തുണയ്ക്കാം: തൃണമൂൽ

കൊൽക്കത്ത ∙ രാജ്യസഭയിലേക്കു ബംഗാളിൽ നിന്നുള്ള സ്ഥാനാർഥികളായി മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറിനെയോ പ്രദീപ് ഭട്ടാചാര്യയെയോ നിർത്തുകയാണെങ്കിൽ പിന്തുണയ്ക്കാമെന്നു തൃണമൂൽ കോൺഗ്രസ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായിരുന്ന മീരാ കുമാറിനെ ബംഗാളിൽ നിന്നു രാജ്യസഭയിലേക്കു മത്സരിപ്പിക്കണമെന്നു കോൺഗ്രസ് സംസ്ഥാനഘടകം പാർട്ടി ഹൈക്കമാൻഡിനോട് അഭ്യർഥിച്ചതിനു തൊട്ടുപിന്നാലെയാണു തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം.

എന്നാൽ, ബംഗാളിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥി ആരായിരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഓഗസ്റ്റ് എട്ടിനാണു രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ്.