അക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രിക്കു തുറന്ന കത്തുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥർ

ന്യൂഡല്‍ഹി ∙ ഹിന്ദുത്വത്തിന്റെ സംരക്ഷകരെന്നു സ്വയം പ്രഖ്യാപിച്ചു ചിലർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലീംകൾക്കും ദലിതർക്കും നേരെ നടത്തുന്ന അക്രമങ്ങളെ വിരമിച്ച 114 പ്രമുഖ സൈനിക ഉദ്യോഗസ്ഥർ തുറന്ന കത്തിൽ അപലപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, സർവകലാശാലകൾ, പണ്ഡിതർ, സന്നദ്ധസംഘടനകൾ എന്നിവ നിരന്തരം ആക്രമിക്കപ്പെടുന്നു. ദേശീയതയുടെ പേരു പറഞ്ഞു നടത്തുന്ന ഈ ആക്രമണങ്ങളെ സംസ്ഥാനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.

ഭരണഘടന ഉറപ്പുനൽകുന്ന അഖണ്ഡതയ്ക്കും മതേതര മൂല്യങ്ങൾക്കും എതിരായ ഈ അക്രമങ്ങളിൽ പ്രതിഷേധിക്കാതിരിക്കാൻ രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും അർപ്പിച്ച തങ്ങൾക്കു കഴിയില്ലെന്നും പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, ഗവർണർമാർ എന്നിവർക്കുള്ള തുറന്ന കത്തിൽ വിവിധ സേനകളിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്ന ഇവർ വ്യക്തമാക്കി.

ഭീതിയുടെയും വെറുപ്പിന്റെയും ഭീഷണിയുടെയും സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു മുതലെടുപ്പു നടത്തുന്നവർക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കുചേരുന്നതായും ഇവർ അറിയിച്ചു.

അഭിപ്രായവ്യത്യാസം രാജ്യദ്രോഹമല്ല, ജനാധിപത്യത്തിന്റെ അന്തഃസത്തയാണെന്ന കാര്യം മറക്കരുത്. ഭരണഘടന ഉറപ്പാക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.