ആർഎസ്എസിന് രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതണമെന്ന വാശി: രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടതു സ്വച്ഛ ഭാരതവും ജനത്തിനു വേണ്ടതു സച്ച് (സത്യ) ഭാരതവുമാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ‘രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതണമെന്ന വാശിയിലാണ് ആർഎസ്‌എസ്. അധികാരം ലഭിക്കുന്നതുവരെ ദേശീയപതാകയെ വന്ദിക്കാൻപോലും ‌തയാറാകാത്തവരാണ് അവർ’ – ജനതാ ദൾ (യു) നേതാവ് ശരദ് യാദവ് സംഘടിപ്പിച്ച സാംസ്‌കാരിക വൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.

‘രണ്ടുതരം ജനങ്ങളാണു രാജ്യത്തുള്ളത്. രാജ്യം തങ്ങളുടേതു മാത്രമാണെന്നു കരുതുന്നവരും തങ്ങൾ രാജ്യത്തിന്റേതാണെന്നു കരുതുന്നവരും. രാജ്യം അവരുടേതാണെന്നും ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റേതല്ലെന്നുമാണ് ആർഎസ്‌എസ് പറയുന്നത്. അവർ ദലിതരെ പീഡിപ്പിക്കുകയും ചെയ്യുന്നു. അവരുടെ പ്രത്യയശാസ്‌ത്രംകൊണ്ടു തിരഞ്ഞെടുപ്പു ജയിക്കാനാവില്ലെന്ന് ആർഎസ്എസിന് അറിയാം. ഗുജറാത്തിൽ എന്റെ വാഹനത്തിനുനേരെ ബിജെപിക്കാർ കല്ലെറിഞ്ഞു, കരിങ്കൊടി കാട്ടി. വാഹനത്തിൽനിന്നു പുറത്തിറങ്ങിയപ്പോൾ അവർ കടന്നുകളഞ്ഞു. പിന്നിൽനിന്ന് ആക്രമിക്കാനേ അവർക്കറിയൂ. അവരുടെ വലിയ നേതാവ് ബ്രിട്ടിഷുകാർക്കു മാപ്പെഴുതിക്കൊടുത്തയാളാണ്.

രണ്ടു കോടി തൊഴിലവസരവും കർഷകർക്ക് ആശ്വാസവും സൈനികർക്ക് ഒരു റാങ്ക്, ഒരു പെൻഷനുമാണു മോദി വാഗ്‌ദാനം ചെയ്‌തത്. തൊഴിലില്ല, കർഷകർക്ക് ആശ്വാസമില്ല. സൈനികർ ഇപ്പോഴും ജന്ദർ മന്ദറിൽ സമരം തുടരുന്നു. ആരുടെയും ബാങ്ക് അക്കൗണ്ടിൽ വാഗ്‌ദാനം ചെയ്യപ്പെട്ട 15 ലക്ഷം രൂപ എത്തിയതുമില്ല. പോകുന്നിടത്തെല്ലാം കള്ളം പറയുന്നതാണു പ്രധാനമന്ത്രിയുടെ രീതി’– രാഹുൽ ആരോപിച്ചു.