ദേശീയ പതാക ഉയർത്തൽ: ദലിത് ഗ്രാമമുഖ്യനെ വിലക്കി

അഹമ്മദാബാദ്∙ ഗ്രാമമുഖ്യനായ(സർപഞ്ച്) ദലിതനെ ദേശീയ പതാക ഉയർത്തുന്നതിൽനിന്ന് മേൽജാതിക്കാർ വിലക്കി. ഗുജറാത്തിൽ പട്ടേൽ സമുദായത്തിനു മേൽക്കോയ്മയുള്ള രാജ്കോട്ടിനടുത്തു നാഗദ്ക ഗ്രാമപഞ്ചായത്തിലാണ് അശുദ്ധമാകുമെന്നു പറഞ്ഞ് പ്രേംജി ജോഗലിനെ, പട്ടേൽ സമുദായക്കാരിയായ ഉപസർപഞ്ചിന്റെ ഭർത്താവ് പതാക ഉയർത്തുന്നതിൽനിന്നു തടഞ്ഞത്.

ദലിത് സംവരണ സർപഞ്ച് സീറ്റാണിത്. ജോഗലിന്റെ പരാതിയിൽ ഉപ സർപഞ്ച് ത്രൂഷയുടെ ഭർത്താവ് രാജേഷ് സാഖിയയ്ക്കെതിരെ കേസെടുത്തു. സ്വാതന്ത്ര്യദിനത്തിൽ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് സംഭവം. തുടർന്നു കുട്ടികളെക്കൊണ്ടാണു പതാക ഉയർത്തിച്ചത്.

പതിനഞ്ചോളം ദലിത് കുടുംബങ്ങൾ മാത്രമുള്ള ഗ്രാമത്തിൽ കഴിഞ്ഞ വർഷം ജോഗൽ സർപഞ്ച് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.