Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യ ദിനാഘോഷം: ചെങ്കോട്ടയ്ക്കും പരിസരത്തും കനത്ത സുരക്ഷ; ഗതാഗത നിയന്ത്രണം

Red Fort ചെങ്കോട്ട

ന്യൂഡൽഹി∙ സ്വാതന്ത്ര്യദിനം പ്രമാണിച്ചു നഗരത്തിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ റിഹേഴ്സൽ ഇന്നു നടക്കും. മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം അനുവദിക്കില്ലെന്നു ഡിഎംആർസിയും വ്യക്തമാക്കി. ഏകദേശം ആറു പ്രധാന റോഡുകളിൽ ഗതാഗതം നിരോധിക്കും. മറ്റു ചില റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

Red Fort സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന ചെങ്കോട്ടയിലെ അവസാനവട്ട മിനുക്കുപണികളിൽ വ്യാപൃതരായിരിക്കുന്ന തൊഴിലാളികൾ. സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ബാരിക്കേഡുകളും കാണാം.

നാളെ രാവിലെ ആറു മുതൽ 15നു ഉച്ചയ്ക്കു രണ്ടുവരെ മെട്രോ സ്റ്റേഷനുകളിൽ പാർക്കിങ് അനുവദിക്കില്ല. നേതാജി സുഭാഷ് മാർഗ്, ലോതിയൻ റോഡ്, എസ്പി മുഖർജി മാർഗ്, ചാന്ദ്നി ചൗക്ക് റോഡ്, നിഷാദ് രാജ് മാർഗ്, എസ്പ്ലനേഡ് റോഡും ലിങ്ക് റോഡും 14നും 15നും രാവിലെ അഞ്ചു മുതൽ ഒൻപതുവരെ അടച്ചിടും. റിഹേഴ്സൽ പരേഡിന്റെ പാർക്കിങ് ലേബലില്ലാത്ത വാഹനങ്ങൾ തിലക് മാർഗ്, മഥുര റോഡ്, ബഹാദുർ ഷാ സഫർ മാർഗ്, സുഭാഷ് മാർഗ്, ജവാഹർ ലാൽ നെഹ്റു മാർഗ്, നിസാമുദീൻ പാലത്തിനും ഐഎസ്ബിടി പാലത്തിനും മധ്യേയുള്ള റിങ് റോഡ് എന്നിവ ഒഴിവാക്കണം.

വടക്കുനിന്നും തെക്കുനിന്നുമുള്ള വാഹനങ്ങൾ അരബിന്ദോ മാർഗ്, കൊണാട്ട് പ്ലേസ്– മിന്റോ റോഡ്, റിങ് റോഡ് – ഐഎസ്ബിടി, നിസാമുദീൻ പാലം എന്നീ വഴികളിലൂടെ പോകണം. നിസാമുദീൻ പാലത്തിനും വസീറാബാദ് പാലത്തിനുമിടയിൽ ചരക്കു വാഹനങ്ങൾക്കു 14നു രാത്രി പന്ത്രണ്ടു മുതൽ 15നു രാവിലെ 11വരെ നിരോധനമുണ്ട്. 15നു രാവിലെ നാലുമുതൽ 11 വരെ അന്തർ സംസ്ഥാന ബസ്സുകളുടെ യാത്രയ്ക്കും നിയന്ത്രണമുണ്ടാവും.

ഡ്രെസ് റിഹേഴ്സൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചെങ്കോട്ടയ്ക്കു സമീപത്തുള്ള സ്കൂളുകൾ ഇന്നു രാവിലെ പത്തു വരെ അടച്ചിടുമെന്നു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന ചെങ്കോട്ടയ്ക്കും പരിസരത്തും ചുറ്റും കനത്ത കാവൽ ഒരുക്കിയിട്ടുണ്ട്.