ഡേറ്റ പങ്കുവയ്ക്കൽ: സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി ∙ ഏതെങ്കിലും മൂന്നാം കക്ഷിയുമായി ഡേറ്റ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ടോ എന്നു വ്യക്തമാക്കി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടും സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി മുൻ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഡേറ്റ സംരക്ഷണം സംബന്ധിച്ചു നിയമനിർമാണം കൊണ്ടുവരുമെന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കേസ് നവംബർ 28നു പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. ജസ്റ്റിസുമാരായ എ.കെ. സിക്രി, അമിതാവ റോയ്, എ.എം. ഖാൻവിൽക്കർ, മോഹൻ എം. ശാന്തനഗൗഡർ എന്നിവരാണ് മറ്റംഗങ്ങൾ.

വാട്സാപ്പിനെ ഫെയ്സ്ബുക് ഏറ്റെടുത്തതിനെത്തുടർന്നു തങ്ങളുടെ കൈവശമുള്ള ഡേറ്റ മുഴുവൻ വാട്സാപ് ഫെയ്സ്ബുക്കിനു കൈമാറാൻ തീരുമാനിച്ചിരുന്നു. ഇങ്ങനെ കൈമാറുന്നത് ഉപയോക്താക്കളുടെ മൗലികാവകാശ ലംഘനമാണ് എന്നു ചൂണ്ടിക്കാട്ടി ഡൽഹിയിലെ നിയമ വിദ്യാർഥികളായ കരൺമയ സിങ് സരീനും ശ്രേയ സേഠിയും ഫയൽ ചെയ്ത ഹർജിയാണിത്. ഡൽഹി ഹൈക്കോടതിയിൽ ഇവർ ആദ്യം ഹർജി നൽകിയിരുന്നു. വാട്സാപ് ഡേറ്റ കൈമാറുന്നതിനു ഡൽഹി ഹൈക്കോടതി അനുമതി നൽകി. സ്വകാര്യത നഷ്ടപ്പെടും എന്നു കരുതുന്ന ഉപയോക്താക്കൾക്കു വാട്സാപ് ഉപേക്ഷിക്കാമെന്നും ഹൈക്കോടതി പരാമർശിച്ചിരുന്നു. ഇതിനെതിരെയാണു ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഡേറ്റ സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം ജസ്റ്റിസ് ശ്രീകൃഷ്ണ സമിതി ശുപാർശകൾ സമർപ്പിക്കുമെന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സൊളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. അതിനുശേഷം കേന്ദ്രം പുതിയ നിയമം കൊണ്ടുവരും. മറ്റാർക്കും തങ്ങൾ ഡേറ്റ കൈമാറുന്നില്ലെന്നു ഫെയ്സ്ബുക്കിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും വാട്സാപ്പിനു വേണ്ടി ഹാജരായ അരവിന്ദ് ദത്താറും ബോധിപ്പിച്ചു.