പട്ടേൽ സംവരണം: കോൺഗ്രസിന് ഹാർദിക്കിന്റെ അന്ത്യശാസനം

അഹമ്മദാബാദ് ∙ പട്ടേൽ സമുദായത്തിനു ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുന്നതു സംബന്ധിച്ച നിലപാട് അറിയിക്കാൻ കോൺഗ്രസിനു പട്ടേൽ സംവരണപ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിന്റെ അന്ത്യശാസനം. നവംബർ മൂന്നിനകം നിലപാടു വ്യക്തമാക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുണ്ടായ തരത്തിലുള്ള സ്ഥിതിവിശേഷം ഉണ്ടാകുമെന്നുമാണു ഹാർദിക് ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞത്.

എന്നാൽ അമിത് ഷായ്ക്കുണ്ടായ സമാനസാഹചര്യം എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. അടുത്ത ആഴ്ച ഗുജറാത്തിലെത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാണാനിരിക്കുകയാണു ഹാർദിക്. അതിനുമുൻപേ 20% സംവരണം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാക്കണമെന്നാണ് ആവശ്യം. നേരത്തേ അമിത് ഷാ ഗുജറാത്തിൽ പങ്കെടുത്ത റാലികളിൽ ചിലത് പട്ടേൽ യുവാക്കൾ അലങ്കോലമാക്കിയിരുന്നു.

രാഹുൽ ഗാന്ധിയുടെ പ്രചാരണങ്ങളിൽ ഇത്തരം പ്രതിഷേധമുണ്ടായേക്കുമെന്ന സൂചനയാണോ ഹാർദിക് നൽകുന്നതെന്നു വ്യക്തമായിട്ടില്ല. പട്ടേൽ സമുദായത്തെ രാഷ്ട്രീയമായി പിളർത്തി ഹാർദിക്കിനെയും കൂട്ടരെയും ഒറ്റപ്പടുത്താൻ ബിജെപി ശ്രമങ്ങൾ ആരംഭിച്ചിരിക്കേ, കോൺഗ്രസിന്റെ സംവരണാനുകൂല നിലപാട് ഹാർദിക്കിനും രാഷ്ട്രീയമായി നിർണായകമാണ്.

പട്ടേലുകൾക്കു സംവരണം നൽകണമെന്ന ആവശ്യത്തോടു കോൺഗ്രസിന് അനുകൂല നിലപാടാണ്. എന്നാൽ അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലാണ് അനിശ്ചിതത്വം. നേരത്തേ ബിജെപി സർക്കാർ കൊണ്ടുവന്ന സംവരണ പാക്കേജ് ഗുജറാത്ത് ഹൈക്കോടതി വിലക്കിയിരുന്നു. കോടതിയുടെ ഇടപെടൽ ഒഴിവാകുന്ന രീതിയിൽ പഴുതടച്ച നിയമനിർമാണം വഴി നടപ്പാക്കണമെന്നതാണു ഹാർദിക്കിന്റെ ആവശ്യം.