പിന്തുണ കോൺഗ്രസിനെന്ന് ഹാർദിക് പട്ടേൽ; രാഹുലുമായി ചർച്ചയ്ക്കു തയാറെന്ന് ജിഗ്നേഷ്

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ നൽകുമെന്നു പട്ടേൽ പ്രക്ഷോഭ നായകൻ ഹാർദിക് പട്ടേൽ. ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണു ഹാർദിക് നിലപാടു വ്യക്തമാക്കിയത്. കോൺഗ്രസ് പരസ്യമായി പട്ടേൽ സമുദായത്തെ പിന്തുണയ്ക്കുന്നുണ്ടെന്നു പറഞ്ഞ ഹാർദിക് ‘ ബിജെപിയെ ഭരണത്തിൽനിന്നു പുറത്താക്കുകയാണു ഞങ്ങളുടെ ലക്ഷ്യം’ എന്നു വ്യക്തമാക്കി.

കോൺഗ്രസിനു വേണ്ടി വോട്ടു ചോദിക്കുമോ എന്ന ചോദ്യത്തോടു ഹാർദിക് ഇങ്ങനെ പ്രതികരിച്ചു: ‘ആളുകൾ ബുദ്ധിയുള്ളവരാണ്. ബിജെപിയെ പുറത്താക്കണം എന്നു പറഞ്ഞാൽ ആർക്കു വോട്ടു ചെയ്യണമെന്ന് അവർക്കറിയാം.’ പട്ടേൽ സമുദായത്തെ ഹാർദിക് കോൺഗ്രസിനു മറിച്ചു വിറ്റുവെന്നു ബിജെപിയെ അനുകൂലിക്കുന്ന ഒരു വിഭാഗം പട്ടേൽ നേതാക്കളുടെ ആരോപണം ഹാർദിക് തള്ളി. അവർ യഥാർഥ സമുദായ നേതാക്കളല്ലെന്നു ഹാർദിക് പറഞ്ഞു.

സൗരാഷ്ട്ര മേഖലയിൽ പര്യടനം നടത്തിയ ശേഷം ഇന്നലെയാണു ഹാർദിക് അഹമ്മദാബാദിൽ തിരിച്ചെത്തിയത്. ബിജെപിക്കെതിരെ ട്വിറ്ററിലൂടെ ഇന്നലെ ഒളിയമ്പുകളെയ്യുകയും ചെയ്തു ഹാർദിക്. ‘നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ നമ്മൾ ചെയ്ത വോട്ടുകൾ പൂർണ പരാജയവും വിനാശകാരിയുമായി മാറി’ എന്നു ട്വിറ്ററിൽ കുറിച്ച ഹാർദിക്, മറ്റൊരു ട്വീറ്റിൽ ആരുടെയും പേരെടുത്തു പറയാതെ ഇങ്ങനെ പരിഹസിച്ചു: ‘രണ്ടു വ്യക്തികളുടെ വികസനത്തിനു കോടിക്കണക്കിനു പേരെ കുഴപ്പത്തിലാക്കാം.’

ഇതിനിടെ, ദലിത് യുവ നേതാവ് ജിഗ്നേഷ് മേവാനി ദലിത് സമുദായത്തിന്റെ വിവിധ ആവശ്യങ്ങളോടു കോൺഗ്രസ് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ തയാറാണെന്നു വ്യക്തമാക്കി. ‘കോൺഗ്രസിലെന്നല്ല ഒരു പാർട്ടിയിലും ഇപ്പോഴോ ഭാവിയിലോ ചേരാൻ ഉദ്ദേശിക്കുന്നില്ല. 17 ആവശ്യങ്ങളാണ് ദലിത് സമൂഹം മുന്നോട്ടുവച്ചിട്ടുള്ളത്. ഇവയോടുള്ള കോൺഗ്രസിന്റെ പ്രതികരണം അറിയാൻ താൽപര്യമുണ്ട്’ – അദ്ദേഹം പറഞ്ഞു.

ദലിതർക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി, തോട്ടിപ്പണിക്കും കന്നുകാലികളുടെ ത്വക്ക് നീക്കം ചെയ്യുന്ന ജോലിക്കും പകരം തൊഴിൽ എന്നിവയുൾപ്പെടെയുള്ള ആവശ്യങ്ങളാണു ജിഗ്നേഷ് മുന്നോട്ടു വച്ചിട്ടുള്ളത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച ജിഗ്നേഷ് ‘ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു പോകട്ടെ, ഞങ്ങൾക്കു പറയാനുള്ളത് എന്താണെന്നു കേൾക്കാൻ പോലും അവർ തയാറല്ല’ എന്ന് ആരോപിച്ചു. ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ എന്നീ മൂന്നു യുവ സമുദായ നേതാക്കളെ കോൺഗ്രസ് നേരത്തേ പാർട്ടിയിലേക്കു ക്ഷണിച്ചിരുന്നു. ഇവരിൽ പിന്നാക്ക നേതാവ് അൽപേഷ് കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു.

കോൺഗ്രസ് ക്ഷണം സ്വീകരിച്ച് യശ്വന്ത് സിൻഹ ഗുജറാത്തിലേക്ക്

രാജ്കോട്ട് ∙ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ കോൺഗ്രസ് അനുകൂല സംഘടനയുടെ ക്ഷണം സ്വീകരിച്ചു ഗുജറാത്തിലെത്തുന്നു. അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽ വ്യാപാരി–വ്യവസായി സമൂഹവുമായി സിൻഹ സംസാരിക്കും. കോൺഗ്രസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതി എന്ന സംഘടനയാണു സിൻഹയെ ക്ഷണിച്ചത്. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ തകർക്കുകയാണെന്നു പരസ്യമായി വിമർശിച്ചു വിവാദമുയർത്തിയ സിൻഹ ഗുജറാത്തിലെ യോഗങ്ങളിൽ നോട്ടു റദ്ദാക്കൽ, ചരക്ക്, സേവന നികുതി തുടങ്ങിയവയെക്കുറിച്ചു പ്രസംഗിക്കും. ബിജെപി സർക്കാരിനെതിരായ കുറ്റപത്രം സമർപ്പിക്കലിനു തുല്യമാകും സിൻഹയുടെ പ്രസംഗങ്ങളെന്നു കരുതുന്നു.