രാജ്യാന്തര കോടതി: ഇന്ത്യൻ വിജയം തടയാൻ പിൻവാതിലിലൂടെ ബ്രിട്ടൻ

ന്യൂയോർക്ക് ∙ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സ്ഥാനത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടനയിൽ ഇന്നു വീണ്ടും ഇന്ത്യ – ബ്രിട്ടൻ പോരാട്ടം നടക്കാനിരിക്കെ സമീപകാലത്തൊന്നും കേട്ടുകേൾവിയില്ലാത്ത ആവശ്യവുമായി ബ്രിട്ടൻ രംഗത്ത്. യുഎൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്നാണു ബ്രിട്ടന്റെ ആവശ്യം. ഇതു പതിവുള്ളതല്ല.

ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫർ ്രഗീൻവുഡും തമ്മിലാണു മൽസരം. പൊതുസഭയിലും രക്ഷാസമിതിയിലും ഒരേ സമയം, വെവ്വേറെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെയാണു ജഡ്ജിയെ തിരഞ്ഞെടുക്കേണ്ടത്. രണ്ടിടത്തും ഭൂരിപക്ഷം കിട്ടിയാലേ ജയിക്കൂ. പന്ത്രണ്ടാം റൗണ്ട് വോട്ടെടുപ്പാണ് ഇന്നു വൈകിട്ടു മൂന്നുമണിക്ക് (ഇന്ത്യൻ സമയം ചൊവ്വാ പുലർച്ചെ 1:30) നടക്കുന്നത്. കഴിഞ്ഞ 11 റൗണ്ട് വോട്ടെടുപ്പിലും പൊതുസഭയിൽ ഇന്ത്യയ്ക്കും രക്ഷാസമിതിയിൽ ബ്രിട്ടനുമായിരുന്നു ഭൂരിപക്ഷം. പൊതുസഭയിൽ ഇന്ത്യയ്ക്ക് ഓരോ തവണയും പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം യുഎൻ ആസ്ഥാനത്ത് ഭണ്ഡാരിക്കു നൽകിയ സ്വീകരണത്തിൽ പങ്കെടുത്തതു 160 രാജ്യങ്ങൾ. ഇതു മറികടക്കാനാണു ബ്രിട്ടന്റെ പുതിയ ആവശ്യം. പൊതുസഭയിൽനിന്നും രക്ഷാസമിതിയിൽനിന്നും മൂന്നുപേർ വീതം ഉൾപ്പെട്ട സമിതിയുണ്ടാക്കി അവർ തീരുമാനിക്കട്ടെയെന്നാണു ബ്രിട്ടന്റെ നിലപാട്. ഈ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്ന പേരു പിന്നീടു പൊതുസഭയും രക്ഷാസമിതിയും അംഗീകരിക്കണം. പല റൗണ്ട് വോട്ടെടുപ്പുകളിലും തീരുമാനമുണ്ടാകാത്ത സാഹചര്യമുണ്ടായാൽ, പൊതുസഭയിലെ വോട്ടെടുപ്പിൽ തുടർച്ചയായി മുന്നിട്ടുനിൽക്കുന്ന ആളെ തിരഞ്ഞെടുക്കുന്നതാണു കീഴ്‍വഴക്കം. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ദൽവീർ ഭണ്ഡാരി ജയിക്കേണ്ടതാണ്. ഈ സാഹചര്യം ഒഴിവാക്കി നാണക്കേടിൽനിന്നു രക്ഷപ്പെടാനാണു ബ്രിട്ടൻ ശ്രമിക്കുന്നത്.

സംയുക്ത സമിതിയുണ്ടാക്കുന്നതിനെ ഭൂരിപക്ഷം അംഗരാജ്യങ്ങളും നിയമവിദഗ്ധരും എതിർക്കുകയാണ്. എന്നാൽ, രക്ഷാസമിതിയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ എതിർപ്പുകളെ മറികടക്കാനാണു ബ്രിട്ടിഷ് ശ്രമം. സമാന രീതിയിൽ തിരഞ്ഞെടുപ്പു നടന്നിട്ടുള്ളത് 1921ൽ യുഎൻ നിലവിൽ വരും മുൻപ്, ലീഗ് ഓഫ് നേഷൻസ് കാലത്താണ്. അന്നു രാജ്യാന്തര നീതിന്യായ കോടതിയിലെ ‍ഡപ്യൂട്ടി ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ ഇതു ചെയ്തിരുന്നു. അഞ്ച് ഒഴിവുകളാണ് ഇപ്പോൾ വന്നത്. ഫ്രാൻസ്, സൊമാലിയ, ലബനൻ, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള ജഡ്ജിമാരെ ആദ്യ റൗണ്ടുകളിൽ തന്നെ തിരഞ്ഞെടുത്തിരുന്നു. അഞ്ചാം ജഡ്ജിയുടെ കാര്യത്തിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്.

മുൻപും സമാന സാഹചര്യം

2011, 2014 വർഷങ്ങളിൽ ഇപ്പോഴത്തേതിനു സമാനമായ സാഹചര്യമായിരുന്നു. രണ്ടു തവണയും പൊതുസഭയിൽ മുന്നിട്ടുനിന്നവർ ജഡ്ജിമാരായി. എതിർ സ്ഥാനാർഥികൾ പിന്മാറുകയായിരുന്നു. ഇത്തവണ പക്ഷേ, പൊതുസഭയിൽ മുൻപിലുള്ള ഇന്ത്യയ്ക്കു വേണ്ടി പിന്മാറാൻ ബ്രിട്ടൻ തയാറല്ല. 2014ൽ ഏഴു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോഴാണ് ആദ്യ നാലു വിജയികളെ കണ്ടെത്തിയത്. അർജന്റീനയുടെ സുസന്ന റൂയ്സ് സെറൂറ്റിയും ജമൈക്കയുടെ പാട്രിക് ലിപ്ടൺ റോബിൻസണും തമ്മിലായിരുന്നു അ‍ഞ്ചാം സ്ഥാനത്തിനുള്ള പോരാട്ടം. അ‍ഞ്ചാം വിജയിയെ കണ്ടെത്താൻ പൊതുസഭയിലും രക്ഷാസമിതിയിലും ഏഴു റൗണ്ട് വോട്ടെടുപ്പു നടത്തി. സെറൂറ്റി രക്ഷാസമിതിയിലും റോബിൻസൺ പൊതുസഭയിലും വിജയം ആവർത്തിച്ചു. ഒടുവിൽ, സെറൂറ്റി മത്സരത്തിൽനിന്നു പിന്മാറി റോബിൻസൺ വിജയിയായി.

രാജ്യാന്തര കോടതി

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ സംവിധാനമാണു രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ). ഹേഗാണ് ആസ്ഥാനം. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ – പാക്കിസ്ഥാൻ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ യുഎൻ സമിതികൾക്കും ഏജൻസികൾക്കും അവർ ആവശ്യപ്പെടുമ്പോൾ കോടതി നിയമോപദേശം നൽകുന്നു. ആകെ 15 ജഡ്ജിമാർ. മൂന്നു വർഷത്തിലൊരിക്കൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. അതേവർഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത്, മൂന്നു വർഷം കൂടുമ്പോൾ പുതിയ അഞ്ചു ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടും. നിലവിലുള്ളവർക്കു വീണ്ടും മത്സരിക്കാം.