മോദിയുടെ ‘ചായാവാലാ’ കാലം ഓർമിപ്പിച്ച് യൂത്ത് കോൺഗ്രസ്; വിവാദം

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചായാവാലാ’ ഭൂതകാലത്തെ ഓർമിപ്പിക്കുന്ന തമാശച്ചിത്രം (‘മീം’) പുറത്തിറക്കി യൂത്ത് കോൺഗ്രസ് പുലിവാലു പിടിച്ചു. മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും സംഭാഷണത്തിലേർപ്പെടുന്നതും അവർ മോദിയെ കളിയാക്കുന്നതുമാണ് അനുകരിച്ചിരിക്കുന്നത്.

മോദി ചായ വിറ്റിരുന്ന കാര്യം മേ ചോദിക്കുന്നതും മോദിയുടെ ഉച്ചാരണം ട്രംപും മേയും തിരുത്തുന്നതും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മോദിയെ വ്യക്തിപരമായി ഇകഴ്ത്തുന്ന ഇതിനെതിരെ ബിജെപി രംഗത്തു വന്നതോടെ കോൺഗ്രസ് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നു കൈകഴുകി. പാവങ്ങളെ അപഹസിക്കുന്ന കോൺഗ്രസ് പാരമ്പര്യമാണ് ഇതു കാണിക്കുന്നതെന്ന് ബിജെപി നേതാക്കൾ പറയുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോടു യോജിപ്പില്ലെന്നു പറഞ്ഞ് കോൺഗ്രസ് വക്താവും ഒഴി‍ഞ്ഞുമാറി.

2014 പൊതുതിരഞ്ഞെടുപ്പിൽ മോദിയുടെ ‘ചായാവാലാ’ക്കാലം അനുസ്മരിപ്പിച്ച് അടി വാങ്ങിയതുപോലെ ഇതു ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ദോഷമാകുമോ എന്ന ഭീതിയിലാണ് കോൺഗ്രസ്.