മോദിയുടെ വസതിക്ക് ഇന്ത്യൻ നിർമിത ഇൻഫ്രാ റെഡ് സുരക്ഷാ വലയം

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിക്ക് ഇന്ത്യൻ നിർമിത സുരക്ഷാ വലയം തീർക്കാൻ സർക്കാർ പദ്ധതി. ഡൽഹി ലോക് കല്യാൺ മാർഗിലെ,  2.8 കിലോമീറ്റർ ചുറ്റളവിലുള്ള വസതിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇൻഫ്രാ റെഡ് സുരക്ഷാ വലയം സജ്ജമാക്കുന്നത്. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം (പിഐഡിഎസ്) എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനം ഈ വർഷം പകുതിയോടെ സജ്ജമാക്കും. 

പിഐഡിഎസിനുള്ള ടെൻഡർ സമർപ്പിക്കുന്നവർ ഘടകങ്ങൾ ഇന്ത്യൻ നിർമിതമാണെന്നു സ്ഥിരീകരിക്കണം. കരാർ സ്വന്തമാക്കുന്ന സ്ഥാപനം മൂന്നു മാസത്തിനകം പണി തീർക്കണം. 

ഇതു പ്രവർത്തിപ്പിക്കാൻ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിലെ പത്ത് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകണം. 

പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്‌ഷൻ സിസ്റ്റം 

∙ വീടുകളിൽ അതിക്രമിച്ചു കടക്കുന്നവരെ പിടിക്കാനുള്ള സുരക്ഷാസംവിധാനം

∙ സങ്കീർണമായ പ്രവർത്തനം

∙ ഒരു പ്രത്യേകമേഖലയുടെ മൊത്തം സുരക്ഷ ഇതു മൂലം ലഭ്യമാകുന്നു.

എങ്ങനെ പ്രവർത്തിക്കും?

∙ സെൻസറുകൾ, ക്യാമറകൾ, കേബിളുകൾ എന്നിവയടങ്ങുന്ന സംവിധാനം വസ്തുവിനു ചുറ്റും സ്ഥാപിക്കും.

∙ വസ്തുവിന്റെ കിടപ്പ്, സുരക്ഷാ പ്രാധാന്യം, കാലാവസ്ഥ എന്നിവ കണക്കിലെടുക്കുന്ന ഉപകരണങ്ങൾ 

∙ ഒരാൾ‌ വസ്തുവിലേക്ക് അതിക്രമിച്ചു കടന്നാൽ ഇന്ററോഗേഷൻ യൂണിറ്റിലേക്ക് സിഗ്നലുകൾ അയയ്ക്കും.

∙ ഈ സിഗ്നലുകൾ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു സ്ക്രീനിൽ വിലയിരുത്തി നുഴഞ്ഞുകയറ്റം സ്ഥിരീകരിക്കും.