രാഹുലിന് ബഹ്റൈനിൽ ഊഷ്മള സ്വീകരണം

ബഹ്റൈൻ സന്ദർശിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനൊപ്പം.

മനാമ ∙ കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ വിദേശയാത്രയിൽ രാഹുൽ ഗാന്ധിക്കു ബഹ്റൈനിൽ ഊഷ്മള സ്വീകരണം. മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ ആദ്യദിനത്തിൽ ബഹ്റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ ഒരുക്കിയ ഉച്ചവിരുന്നിലും രാഹുൽ പങ്കെടുത്തു.

ബഹ്റൈൻ ഭരണാധികാരി ഷെയ്ഖ് ഹമദിന്റെ മകനും ബഹ്റൈൻ റോയൽ ഗാർഡ്സിലെ റാപ്പിഡ് ഇന്റർവെൻഷൻ ഫോഴ്സ് മേജറുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദിനു ജവാഹർലാൽ നെഹ്റുവിന്റെ പുസ്തകങ്ങൾ ഉപഹാരമായി നൽകി. ബഹ്റൈൻ സർക്കാരിന്റെ അതിഥിയായിട്ടാണു സന്ദർശനം. പ്രവാസി കൂട്ടായ്മയായ ‘ഗോപിയോ’യുടെ ഇന്നലെ ആരംഭിച്ച ത്രിദിന സമ്മേളനത്തിൽ രാഹുലാണു മുഖ്യാതിഥി. അന്‍പതു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ബഹ്റൈനിലെ ബിസിനസ് സമൂഹവുമായുള്ള കൂടിക്കാഴ്ചയും സന്ദർശന പരിപാടിയിലുണ്ട്. ടെലികോം വിദഗ്ധൻ സാം പിത്രോദ, മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂർ, മിലിന്ദ് ദേവ്‌റ തുടങ്ങിയവർ രാഹുലിനൊപ്പമുണ്ട്. പാർട്ടി അനുഭാവികൾ അടക്കം ഒട്ടേറെപ്പേർ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.