യുപിയിൽ രാഹുൽ ഗാന്ധി ‘മൃദു ഹിന്ദുത്വ യാത്ര’യിൽ

റായ്ബറേലിയിലെ സലോനിൽ മകരസംക്രാന്തി പൂജയിൽ പങ്കെടുക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

റായ്ബറേലി (യുപി)∙ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷം ആദ്യമായി ഉത്തർപ്രദേശിലെത്തിയ രാഹുൽ ഗാന്ധിയുടെ പര്യ‌ടനം ക്ഷേത്രദർശനത്തോടെ. രാഹുലിന്റെ ക്ഷേത്രദർശനം വെറും ഷോ ആണെന്നു വിമർശിച്ച ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, ക്ഷേത്രദർശനം ഗൗരവമായി രാഹുൽ കാണുന്നുണ്ടെങ്കിൽ അധ്യക്ഷനായി സ്ഥാനമേറ്റപ്പോഴായിരുന്നു അനുഗ്രഹം തേടി ക്ഷേത്രത്തിൽ പോകേണ്ടിയിരുന്നതെന്നു പറഞ്ഞു.

സ്വന്തം മണ്ഡലമായ അമേഠിയിൽ രണ്ടു ദിവസത്തെ പര്യടനത്തിനു തുടക്കമിട്ട രാഹുൽ യാത്രാമധ്യേ ലക്നൗ–റായ്ബറേലി റോഡിലുള്ള ചുർവ ഹനുമാൻ ക്ഷേത്രത്തിൽ തൊഴുതു. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ എതിരേൽക്കാൻ പുഷ്പഹാരങ്ങളുമായി കാത്തുനിന്നിരുന്നു. പത്തു മിനിട്ടോളം അവിടെ ചെ‌ലവിട്ട അദ്ദേഹം സിന്ദൂരക്കുറിയണിഞ്ഞാണു പുറത്തുവന്നത്. മകരസംക്രാന്തി ദിനത്തിൽ രാഹുൽ നടത്തിയ ഈ സന്ദർശനം, പാർട്ടി മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതിനു തെളിവായി പ്രവർത്തകർ കരുതുന്നു.

വോട്ടിനായാണു ഗുജറാത്ത് തിരഞ്ഞെടുപ്പിനിടയിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചതെന്ന ആരോപണം നേരിടാനും ഇതുവഴി കഴിയുമെന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. 20 ക്ഷേത്രങ്ങൾ സന്ദർശിച്ചതിന്റെ ഗുണവും ഗുജറാത്തിലുണ്ടായതായി പ്രവർത്തകർ വിശ്വസിക്കുന്നു. സീറ്റും വോട്ട് വിഹിതവും കൂടി. ഉത്തർപ്രദേശിൽ നടത്തുന്ന ക്ഷേത്രസന്ദർശനങ്ങളുടെ ഫലം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കിട്ടുമെന്ന പ്രതീക്ഷയാണു യുപി കോൺഗ്രസ് വക്താവ് അശോക് സിങ്ങിന്.

ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് യോഗത്തിൽ രാഹുലിന്റെ പ്രസംഗം. തുടർച്ചയായി നുണ പറയുകയാണു ബിജെപി നേതാക്കളെന്നും ജനങ്ങൾക്കു നൽകിയ വാക്കു പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യം എല്ലാവർക്കും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലിട്ടു തരുമെന്നു പറഞ്ഞു. പിന്നെ, കർഷകർക്കു ന്യായവില നൽകുമെന്നു പറഞ്ഞു. ലക്ഷക്കണക്കിനു യുവാക്കൾ തൊഴിലില്ലാതെ വലയുകയാണെന്നും ഇതേപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ഉരിയാടുന്നില്ലെന്നും രാഹുൽ പറഞ്ഞു.