ഹുറിയത് നടത്തുന്നത് ഇന്ത്യയ്ക്ക് എതിരായ യുദ്ധം: എന്‍ഐഎ

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ്, ഹിസ്ബുല്‍ മുജാഹിദീൻ ഭീകരൻ സയീദ് സലാഹുദീൻ, ഹുറിയത് നേതാക്കൾ എന്നിവരടക്കം 12 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാക്ക് പിന്തുണയോടെ ഇവർ ഇന്ത്യയ്ക്കെതിരെ യുദ്ധം നയിക്കുകയാണെന്നു 12,794 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളും ഗൂഢാലോചനക്കുറ്റവും ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്.

കശ്മീരിൽ ഇവർ നയിക്കുന്ന ഭീകരപ്രവർത്തനങ്ങൾക്കു തെളിവു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരാൻ അനുവദിക്കണമെന്നും അഡീഷനൽ സെഷൻസ് ജ‍ഡ്ജി തരുൺ ഷെഹ്റാവത്തിനോട് എൻഐഎ അഭ്യർഥിച്ചു. വിഷയത്തിൽ കോടതി ഈ മാസം 30നു വിധി പറയും. കഴിഞ്ഞ മേയ് 30നാണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. അൽതാഫ് അഹമ്മദ് ഷാ, ബഷീർ അഹമ്മദ് ഭട്ട്, അഫ്താബ് അഹമ്മദ് ഷാ, മുഹമ്മദ് അക്ബർ ഖണ്ഡേ, രാജാ മെഹ്റാജുദീൻ കൽവൽ എന്നിവരാണു കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഹുറിയത് നേതാക്കള്‍. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ചെയർമാൻ ഫാറൂഖ് അഹമ്മദ് ധർ, വിഘടനവാദി നേതാവ് നയീം അഹമ്മദ് ഖാൻ, ബിസിനസുകാരൻ സഹൂർ അഹമ്മദ് ഷാ വതാലി, കശ്മീരിൽ ഇന്ത്യൻ സേനയ്ക്കെതിരെ കല്ലേറു നടത്തിയ മാധ്യമപ്രവർത്തകൻ കമ്രാൻ‍ യൂസഫ്, ജാവേദ് അഹമ്മദ് ഭട്ട് എന്നിവരാണു മറ്റുള്ളവർ.

ഹാഫിസ് സയീദ്, സലാഹുദീൻ എന്നിവരുടെ നിർദേശപ്രകാരം ഹുറിയത് നേതാക്കൾ കശ്മീരിൽ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭം നയിക്കുന്നു. ആസൂത്രിത കലാപം അഴിച്ചുവിടുന്നു. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ നടത്തുന്ന ഗൂഢാലോചനയാണിത്. കശ്മീരിനെ ഇന്ത്യയിൽനിന്നു വിഭജിക്കാനാണ് ഇവരുടെ ശ്രമം. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽനിന്നു ഹുറിയത് നേതാക്കള്‍ക്കു ഹവാല പണം എത്തുന്നു. പൊതുമുതൽ നശിപ്പിക്കാനും സമാധാന ജീവിതം തകര്‍ക്കാനുമാണ് ഈ പണം ഉപയോഗിക്കുന്നത്’ – കുറ്റപത്രത്തില്‍ പറയുന്നു. ജമ്മു കശ്മീർ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലായി 60 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളിൽ‌ പിടിച്ചെടുത്ത തെളിവുകളും മുന്നൂറോളം പേരുടെ സാക്ഷി‌മൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.