പുറത്താക്കട്ടെ, ഞാൻ പോകില്ല: യശ്വന്ത് സിൻഹ

ഭോപ്പാൽ ∙ ‘ഞാൻ സ്വയം ബിജെപി വിടില്ല, അവർക്കു വേണമെങ്കിൽ എന്നെ പുറത്താക്കാം.’ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ നയം വ്യക്തമാക്കി. ഏതാനും ദിവസം മുൻപ് രാഷ്ട്ര മഞ്ച് എന്ന പേരിൽ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ച സിൻഹ ബിജെപിക്കു പതിവായി തലവേദന സൃഷ്ടിക്കുകയാണ്. താൻ നടത്തുന്നതു പാർട്ടി വിരുദ്ധ പ്രവർത്തനമല്ലെന്നും രാജ്യതാൽപര്യത്തിനു വേണ്ടിയുള്ള പ്രവർത്തനമെന്നുമാണു സിൻഹയുടെ നിലപാട്.

അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷണത്തിൽ ഒത്തുതീർപ്പുകളുണ്ടായിട്ടുണ്ടെന്ന് ആരോപിച്ചും മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ കർഷകരോടൊപ്പം ധർണ നടത്തിയും സിൻഹ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഡൽഹിയിലും ഭോപ്പാലിലും ഇരിക്കുന്നവർക്കു കർഷകരുടെയും തൊഴിൽരഹിതരുടെയും പ്രശ്നങ്ങളറിയില്ലെന്നും വ്യത്യസ്തമായി ചിന്തിക്കുന്നവർക്കെതിരെ അന്വേഷണ ഏജൻസികളെ നിയോഗിക്കുകയാണെന്നും സിൻഹ ആരോപിച്ചു. ഇതുമൂലം രാജ്യം മുഴുവൻ ഭീതിയുടെ അന്തരീക്ഷമാണെന്നും സിൻഹ പറഞ്ഞു.