ദലൈ ലാമ വന്നതിന്റെ വാർഷികം: ഉന്നത നേതാക്കൾ വിട്ടുനിൽക്കണമെന്നു കേന്ദ്രം

ന്യൂഡൽഹി ∙ ദലൈ ലാമ ഇന്ത്യയിൽ അഭയം േതടിയതിന്റെ അറുപതാം വാർഷികം ഈ മാസം ആഘോഷിക്കുമ്പോൾ മന്ത്രിമാരും ഉന്നത നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും വിട്ടുനിൽക്കണമെന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. ചൈനയുമായുള്ള സൗഹൃദാന്തരീക്ഷം തകർക്കാതിരിക്കാനാണ് ഈ നിർദേശമെന്നു കരുതുന്നു. എന്നാൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിൽ മുതിർന്ന ആധ്യാത്മിക നേതാവ് എന്ന നിലയിൽ ദലൈ ലാമയോടുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കി. ദലൈ ലാമയ്ക്ക് അദ്ദേഹത്തിന്റെ മതപരമായ പ്രവർത്തനങ്ങൾ തുടരുന്നതിനു തടസ്സമില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ദലൈ ലാമ 1959 മാർച്ച് 17ന് ആണു ടിബറ്റിലെ ലാസയിൽ നിന്നു നാടുവിട്ടു പോയത്. ടിബറ്റ് സ്വതന്ത്രമാക്കാനുള്ള പ്രക്ഷോഭം ചൈന അടിച്ചമർത്തിയതിനു പിന്നാലെയായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കു ശേഷം അദ്ദേഹം ഇന്ത്യയിലെത്തി. ധർമശാല ആസ്ഥാനമായാണു തുടർന്നു പ്രവർത്തിക്കുന്നത്. ഇതിനിടെ, ദലൈ ലാമ ഇന്ത്യയിലെത്തിയതിന്റെ 60–ാം വാർഷികാഘോഷങ്ങൾ ധർമശാലയിൽ ആരംഭിച്ചു. ഏപ്രിൽ ഒന്നിനു ഡൽഹിയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ ‘താങ്ക് യു ഇന്ത്യ’ എന്ന പേരിൽ വലിയൊരു സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.

ഈ പരിപാടിയിൽ കേന്ദ്രമന്ത്രിമാരടക്കം പല നേതാക്കളും പങ്കെടുക്കാനിടയുണ്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ രണ്ടാഴ്ച മുൻപു ചൈന സന്ദർശിച്ചിരുന്നു. മടങ്ങിവന്നശേഷം അദ്ദേഹം കാബിനറ്റ് സെക്രട്ടറി പി കെ.സിൻഹയ്ക്ക് എഴുതിയ കത്തിൽ ദലൈ ലാമാ ചടങ്ങിൽ നിന്നു സർക്കാർ പ്രതിനിധികൾ വിട്ടുനിൽക്കുന്നതാണ് അഭികാമ്യം എന്നു പറഞ്ഞിരുന്നു. ഇതനുസരിച്ചു ഫെബ്രുവരി 26നു കാബിനറ്റ് സെക്രട്ടറി, മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും കത്തയയ്ക്കുകയായിരുന്നു.