Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റിപ്പോയെങ്കിൽ ക്ഷമിക്കുക: നെഹ്റുവിരുദ്ധ പരാമർശത്തിന് മാപ്പു പറഞ്ഞ് ദലൈ ലാമ

dalai-lama-3 ദലൈ ലാമ (ഫയൽ ചിത്രം)

ബെംഗളൂരു∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെതിരെ നടത്തിയ പരാമർശത്തിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ മാപ്പു പറഞ്ഞു. നെഹ്റുവിന്റെ സ്വാർഥതയാണ് ഇന്ത്യ–പാക് വിഭജനത്തിനു കാരണമായതെന്നായിരുന്നു ദലൈ ലാമയുടെ പരാമർശം. മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നതുപോലെ മുഹമ്മദലി ജിന്നയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യ–പാക് വിഭജനം സംഭവിക്കുമായിരുന്നില്ലെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടിരുന്നു.

എന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയ കാര്യം മനസ്സിലാക്കുന്നു. തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇന്ത്യ–പാക് വിഭജനത്തെ മഹാത്മാ ഗാന്ധിപോലും എതിർത്തിരുന്നതായി കേട്ടപ്പോൾ എനിക്കു വേദന തോന്നി. പാക്കിസ്ഥാനിലുള്ളതിനേക്കാൾ മുസ്‍ലിംകൾ ഇന്ത്യയിലുണ്ട്. എന്തായാലും സംഭവിച്ചതു സംഭവിച്ചു’ – നെഹ്റുവിനെ സ്വാർഥനെന്നു വിശേഷിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു ദലൈ ലാമയുടെ പ്രതികരണം.

ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ്, ‘മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജവഹർലാൽ നെഹ്റുവിനു പകരം മുഹമ്മദ് അലി ജിന്നയ്ക്കു പ്രധാനമന്ത്രി സ്ഥാനം നൽകിയിരുന്നെങ്കിൽ ഇന്ത്യ– പാക്കിസ്ഥാൻ വിഭജനമുണ്ടാകുമായിരുന്നില്ലെന്ന് ദലൈ ലാമ പറഞ്ഞത്. സ്വന്തമായി സ്ഥാനം ആഗ്രഹിച്ച നെഹ്റു ഇതിന് എതിരുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗാന്ധിജി ‘ഏറെക്കുറെ അനുകൂലമായിരുന്നെങ്കിലും’ സ്വകേന്ദ്രീകൃതമായ നെഹ്റുവിന്റെ നിലപാടാണ് ഈ തെറ്റിനിടയാക്കിയത്. പ്രധാനമന്ത്രിയാകാൻ നെഹ്റുവിന് ആഗ്രഹമുണ്ടായിരുന്നു. ഗാന്ധിജിയുടെ ചിന്ത നടപ്പായെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഒന്നായി തുടർന്നേനെ. സമാധാനത്തിന്റെ മതമാണ് ഇസ്‌ലാം. മറ്റു രാജ്യങ്ങളിലേതു പോലെ ഇന്ത്യയിൽ ഷിയ– സുന്നി സംഘർഷം ഒഴിവാക്കാൻ ശ്രമമുണ്ടാകണമെന്നും ലാമ പറഞ്ഞിരുന്നു.