മേഘാലയയിൽ കോൺറാഡ് സാങ്മ സ്ഥാനമേറ്റു; ബിജെപിക്കെതിരെ സഖ്യകക്ഷി

ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രിയായി എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി) നേതാവ് കോൺറാഡ് സാങ്മ (40) സ്ഥാനമേറ്റപ്പോൾ സഫലമായതു പിതാവും മുൻ ലോക്സഭാ സ്പീക്കറുമായ പി.എ.സാങ്മയുടെ സ്വപ്നം. മുഖ്യമന്ത്രിയെ കൂടാതെ അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസ് പി.കെ. സാങ്മ അടക്കം 11 മന്ത്രിമാരും രാജ്ഭവനിൽ ഗവർണർ ഗംഗാപ്രസാദിന്റെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.

എൻപിപിക്കു നാല്, യുഡിപിക്കു മൂന്ന്, പിഡിഎഫിനു രണ്ട്, എച്ച്എസ്പിഡിപിക്കും ബിജെപിക്കും ഒന്നു വീതം എന്നിങ്ങനെയാണു മന്ത്രിമാരുടെ എണ്ണം. ഇവരിൽ പ്രായം കുറഞ്ഞ മന്ത്രി 26 വയസ്സുള്ള ഷില്ലയാണ്. പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണു കോൺറാഡ് സാങ്മ. ഒരു സ്വതന്ത്രനടക്കം സാങ്മ സർക്കാരിനു 34 എംഎൽഎമാരുടെ പിന്തുണയുണ്ട്. എൻപിപി (19), യുഡിപി (6), പിഡിഎഫ് (4), എച്ച്എസ്പിഡിപി (2), ബിജെപി (2) എന്നിങ്ങനെയാണു കക്ഷിബലം. ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് 21 സീറ്റുമായി പ്രതിപക്ഷത്താണ്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്മയെ അഭിനന്ദിച്ചു. നല്ല ഭരണം കാഴ്ചവയ്ക്കുമെന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് ഉറപ്പു നൽകി. തുറ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് സാങ്മ ഇപ്പോൾ. ഇതിനിടെ, പ്രാദേശിക കക്ഷികൾക്കു തനിച്ചു ഭൂരിപക്ഷമുള്ള സ്ഥിതിക്ക് ബിജെപിയെ ഒഴിവാക്കിയുള്ള സർക്കാർ മതിയെന്നു ഭരണമുന്നണിയിൽപെട്ട എച്ച്എസ്പിഡിപിയുടെ അധ്യക്ഷൻ ആർഡന്റ് ബസയാവ്മൊയ്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. എച്ച്എസ്പിഡിപി അധ്യക്ഷൻ തോറ്റെങ്കിലും പാർട്ടിയുടെ രണ്ടു പേർ ജയിച്ചു. ഇവർ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കരുതെന്നും തീരുമാനിച്ചിരുന്നു.