പാരമ്പര്യേതര ഊർജം: നാലുവർഷം; ഉൽപാദനം ഇരട്ടിയാക്കുമെന്ന് മോദി

സൂര്യവെളിച്ചം, അതാ അവിടെ ! ന്യൂഡൽഹിയിൽ രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു. ചിത്രം: എപി

ന്യൂഡൽഹി∙ പാരമ്പര്യേതര ഊർജ ഉൽപാദനത്തിൽ 2022 ആകുമ്പോഴേക്കും യൂറോപ്യൻ യൂണിയനെ ഇന്ത്യ മറികടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ള ഉൽപാദനം നാലു വർഷത്തിനുള്ളിൽ ഇരട്ടിയാക്കുകയാണു ലക്ഷ്യം. ആദ്യ രാജ്യാന്തര സൗരോർജ സഖ്യ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലാഭകരമായ സൗരോർജ സാങ്കേതിക വിദ്യ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കും. 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 1000 ജിഗാവാട്ട് സൗരോർജ ഉൽപാദനശേഷി സൃഷ്ടിക്കും. വികസ്വര രാജ്യങ്ങളിൽ സൗരോർജ പദ്ധതികൾ സ്ഥാപിക്കുന്നതിനു സഹകരണവും സഹായവും നൽകാൻ ഉച്ചകോടി പദ്ധതികൾ ആവിഷ്കരിക്കും. ഇന്ത്യയിൽ 175 ജിഗാ വാട്ട് പാരമ്പര്യേതര ഊർജ ഉൽപാദനം 2022 ആകുമ്പോഴേക്കും സാധ്യമാക്കാനായി 8300 കോടി ഡോളറിന്റെ നിക്ഷേപം വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്.

ലോകത്തു പാരമ്പര്യേതര ഊർജം ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്നത് ഇന്ത്യയിലാണെന്നു മോദി ചൂണ്ടിക്കാട്ടി. സൗരോർജം യൂണിറ്റിന് 2.44 രൂപയ്ക്കും കാറ്റിൽ നിന്നുള്ള വൈദ്യുതി യൂണിറ്റിന് 3.46 രൂപയ്ക്കും ഇന്ത്യയിൽ ലഭ്യമാണ്. ഹരിയാനയിലെ ഗുരു ഗ്രാമത്തിലാണു രാജ്യാന്തര സൗരോർജ സഖ്യ ആസ്ഥാനം. 23 രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

121 രാജ്യങ്ങളുടെ കൂട്ടായ്മ

സൗരോർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യ നേതൃത്വം നൽകുന്ന 121 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണു രാജ്യാന്തര സൗരോർജ സഖ്യം. സൗരോർജം സുലഭമായി ലഭിക്കുന്ന രാജ്യങ്ങളാണു മുഖ്യമായും അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക താൽപര്യമെടുത്ത് 2015 നവംബറിൽ െഎക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിലാണു സഖ്യത്തിനു രൂപം നൽകിയത്. പദ്ധതിക്കു ലോകബാങ്കിന്റെ സഹായമുണ്ട്.