Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ് വധക്കേസ്: പേരറിവാളന്റെ ഹർജി തള്ളണമെന്ന് സിബിഐ

Perarivalan

ന്യൂഡൽഹി∙ രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പേരറിവാളൻ, 1999 മേയിലെ സുപ്രീംകോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളണമെന്നു സിബിഐ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഹർജി പരിഗണന അർഹിക്കുന്നതല്ലെന്നാണു കേസ് അന്വേഷിച്ച സിബിഐയുടെ മൾട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജൻസി (എംഡിഎംഎ) സുപ്രീം കോടതി മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

മുൻ പ്രധാനമന്ത്രിയെ വധിച്ച കേസിൽ ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പേരറിവാളനടക്കം മൂന്നുപേരുടെ ശിക്ഷ 2014ൽ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. രാജീവിനെ വധിച്ച തമിഴ് ചാവേർ ധരിച്ചിരുന്ന ബെൽറ്റ് ബോംബിനുവേണ്ടി രണ്ടു ബാറ്ററികൾ വാങ്ങി നൽകിയെന്നതാണു പേരറിവാളനു മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

എന്നാൽ പ്രതിയുടെ കുറ്റസമ്മതമൊഴി തിരുത്തിയെന്നു സിബിഐ മുൻ എസ്പി വി. ത്യാഗരാജൻ പിന്നീടു വെളിപ്പെടുത്തിയിരുന്നു. ബാറ്ററി വാങ്ങി നൽകിയെങ്കിലും എന്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന യഥാർഥ മൊഴി, ബോംബ് നിർമാണത്തിനാണെന്ന് അറിഞ്ഞുകൊണ്ടു ബാറ്ററി വാങ്ങി നൽകിയെന്നാക്കി തിരുത്തിയെന്നാണു ത്യാഗരാജൻ പറഞ്ഞത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും ഹർജി നൽകിയപ്പോൾ, പേരറിവാളനു പുനഃപരിശോധനാ ഹർജി നൽകാവുന്നതാണെന്നു സുപ്രീം കോടതി തന്നെയാണു നിർദേശിച്ചത്. എംഡിഎംഎയുടെ അന്വേഷണം അനന്തമായി നീളുകയാണെന്നും അത് എന്നു തീരുമെന്നു വ്യക്‌തമല്ലെന്നും കോടതി വിമർശിച്ചിരുന്നു.