Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരറിവാളന്റെ ദയാഹർജി പരിഗണിക്കണം: തമിഴ്നാട് ഗവർണറോടു സുപ്രീം കോടതി

Perarivalan പേരറിവാളൻ.

ന്യൂഡൽഹി∙ രാജിവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ ദയാഹർജി പരിഗണിക്കണമെന്നു തമിഴ്നാട് ഗവർണറോടു സുപ്രീം കോടതി. രാജിവ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ അപേക്ഷയ്ക്കെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്.

പ്രതികളുടെ ശിക്ഷ ഇളവു ചെയ്ത് അവരെ മോചിപ്പിക്കുന്നത്, അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും രാജ്യാന്തരതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കേന്ദ്രസർക്കാർ ഓഗസ്റ്റ് 10ന് ബോധിപ്പിച്ചിരുന്നു. തമിഴ്നാട് ഗവർണർക്കു 2015 ൽ നൽകിയ ദയാഹർജിയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു പേരറിവാളൻ ഓഗസ്റ്റ് 20ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതിയുടെ നിർദേശം.

രാജിവ് ഗാന്ധി കൊല്ലപ്പെട്ട ചാവേറാക്രമണത്തിന് ഉപയോഗിച്ച ബെൽറ്റ് ബോംബിലെ ബാറ്ററി നൽകിയെന്നതാണ് പേരറിവാളനെതിരായ കേസ്. 1991 മേയ് 21നു രാത്രി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് രാജിവ് കൊല്ലപ്പെട്ടത്. ചാവേറായ തനുവും മറ്റു 14 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസിൽ പേരറിവാളനടക്കം ഏഴുപേർ ജയിലിലാണ്.

തടവിൽ കഴിയുന്നവർ

∙ ശാന്തൻ: കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിലെ പ്രധാന കണ്ണി. ഇപിആർഎൽഎഫ് നേതാവ് പത്മനാഭയെ വധിച്ചതിലും പങ്ക്.

∙ മുരുകൻ: തമിഴ്‌പുലികളുടെ സ്‌ഫോടക വിദഗ്‌ധൻ. ആത്മഹത്യസ്ക്വാഡിലും അംഗമായിരുന്നു.

∙ നളിനി: മുരുകന്റെ ഭാര്യ. ശ്രീലങ്കയിൽനിന്നു ചെന്നൈയിൽ കുടിയേറിയ കുടുംബാംഗം. നളിനിയുടെ വീടായിരുന്നു ചെന്നൈയിൽ പുലികളുടെ താവളം. രാജീവ് വധത്തിന്റെ സൂത്രധാരൻ ശിവരശൻ, മനുഷ്യബോംബായ തനു, ശുഭ, എന്നിവർക്ക് അഭയം നൽകി.

∙ പേരറിവാളൻ: അറസ്‌റ്റിലാകുമ്പോൾ 19 വയസ്സ്. ജയിലിൽ പഠനം തുടങ്ങിയ പേരറിവാളൻ എംസിഎയും ഇലക്‌ട്രോണിക്‌സ് ഡിപ്ലോമയും നേടി.

∙ റോബർട്ട് പയസ്: ഗൂഢാലോചനയിലെ പ്രധാന കണ്ണി. ശ്രീലങ്കൻ തമിഴ് വംശജൻ.

∙ ജയകുമാർ: ശ്രീലങ്കക്കാരൻ. പയസിന്റെ ബന്ധു. ഗൂഢാലോചനയ്ക്കായി പ്രതികൾക്കു വീടും സൗകര്യങ്ങളും ഒരുക്കി.

∙ രവിചന്ദ്രൻ: ശ്രീലങ്കക്കാരൻ. 1990 മുതൽ ഇന്ത്യയിൽ എൽടിടിഇ പ്രവർത്തകൻ.

കേസ് ഇങ്ങനെ

∙ കേസന്വേഷിച്ച സിബിഐയുടെ പ്രത്യേക സംഘം സ്ഫോടനത്തിൽ മരിച്ച 12 പേരും പിടികിട്ടാത്ത 3 പേരുമുൾപ്പെടെ 41 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

∙ 1998 ൽ ചെന്നൈ ടാഡ കോടതി 26 പ്രതികൾക്കു വധശിക്ഷ വിധിച്ചു

∙ 1999 മേയിൽ സുപ്രീം കോടതി മുരുകൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ ശരിവച്ചു. മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. 19 പേരെ വിട്ടയച്ചു.

∙ 2000 ത്തിൽ കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയുടെ അഭ്യർഥനയും തമിഴ്നാട് സർക്കാരിന്റെ ശുപാർശയും പ്രകാരം നളിനിയുടെ വധശിക്ഷ തമിഴ്നാട് ഗവർണർ ജീവപര്യന്തമാക്കി.

∙ ബാക്കി മൂന്നു പേരുടെ വധശിക്ഷ 2014ൽ സുപ്രീം കോടതി ഒഴിവാക്കി. ഇവരുടെ ദയാഹർജിയിൽ തീരുമാനം വൈകിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.