മോദിയുടെ വിദേശനയം വ്യക്തികേന്ദ്രീകൃതം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യയുടെ വിദേശനയം വ്യക്തി കേന്ദ്രീകൃതമായെന്നു വിമർശിച്ച് എഐസിസി പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച വിദേശനയ പ്രമേയം. സ്വന്തം ആദർശങ്ങളിലൂന്നി, ഇതര രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയുള്ള വിദേശ നയം ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തതായി രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. നിലവിലെ വിദേശ നയം, ആഗോള തലത്തിൽ നേതൃ നിരയിലേക്കുയരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സഹായിക്കുന്നതല്ല. 2014 മേയ് മാസത്തിനു മുൻപും ഇന്ത്യയുണ്ടായിരുന്നുവെന്നും ലോകം ആദരത്തോടെയാണു നമ്മെ കണ്ടിരുന്നതെന്നുമുള്ള യാഥാർഥ്യം മോദി മനസ്സിലാക്കണം.

വിദേശ നയത്തിൽ അയൽ രാജ്യങ്ങൾക്കു മുഖ്യ പങ്കു നൽകണം. അതിർത്തി ലംഘനങ്ങൾ നടത്തുന്ന പാക്കിസ്ഥാനെ ഉരുക്കുമുഷ്ടിയോടെ നേരിടണം. പാക്കിസ്ഥാനെതിരായ തിരിച്ചടികളിൽ ഒത്തുതീർപ്പിനു സ്ഥാനമില്ല. പാക്കിസ്ഥാൻ നയം ഉയർത്തി രാജ്യത്തെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പിനു ബിജെപി ശ്രമിക്കുന്നു. ചൈനയെ പക്വതയോടെ നേരിടണം; പ്രശ്നങ്ങൾക്കു സമാധാനപരമായി പരിഹാരം കണ്ടെത്തണം.

രോഹിൻഗ്യൻ അഭയാർഥികളുടെ ദുരിതം പരിഹരിക്കാൻ ഇന്ത്യ ക്രിയാത്മക പങ്കു വഹിക്കണം. എച്ച് 1 ബി വീസകൾക്കു നിയന്ത്രണമേർപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ സർക്കാർ മൗനം പാലിക്കുന്നതു പ്രതിഷേധാർഹമാണ്. മോദി സർക്കാരിനു കീഴിൽ ഇന്ത്യ– യുഎസ് നയതന്ത്ര ബന്ധത്തിൽ വിള്ളലുകളുണ്ടായി. ആഗോള ഭീകര ശൃംഖലയെ നേരിടാൻ വിവിധ രാജ്യങ്ങളുമായി ഇന്ത്യ സഹകരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.