അപ്പീൽ ‌കേൾക്കാൻ യങ് ഇന്ത്യൻ പത്തു കോടി അടയ്ക്കണം

ന്യൂഡൽഹി ∙ ആദായനികുതി കേസിൽ 10 കോടി രൂപ കരുത‌ൽ തുക വാങ്ങി യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അപ്പീൽ ‌കേൾക്കാൻ ഡൽഹി ഹൈക്കോടതി ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടു. 2011–12 വർഷത്തിൽ 249.15 കോടി രൂപ അട‌യ്ക്കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് യങ് ഇ‌ന്ത്യനു നോട്ടിസ് നൽകിയിരുന്നത്. അപ്പീൽ പരിഗണിക്കണമെങ്കിൽ തുകയുടെ 20% കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെ‌ട്ടു. ഇതി‌നെതിരെ കമ്പനി ഹൈക്കോടതിയിലെത്തുകയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയുമാണു യങ് ഇന്ത്യന്റെ പ്രധാന ഓഹരിയുടമകൾ. കോൺഗ്രസിന്റെ മുഖപത്രമായ നാഷനൽ ഹെറൾഡ് യങ് ഇന്ത്യന്റെ നിയന്ത്രണത്തിലാണ്. ഈ മാസം 31ന് അകം പകുതി തുകയും ഏപ്രിൽ 15ന് അകം മുഴുവൻ തുകയും നൽകണമെന്നു ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, എ.കെ.ചാവ്‌ല എന്നിവർ യങ് ഇന്ത്യനു നിർദേശം നൽകി.

തുക കെട്ടിവച്ചാലുടൻ ആദായനികുതി വകുപ്പ് അവരുടെ അപ്പീൽ പരിഗണിക്കണം. തുക 7.5 കോടിയായി കുറയ്ക്കണമെന്ന യങ് ഇന്ത്യന്റെ അപേക്ഷ കോടതി സ്വീകരിച്ചില്ല. ആകെ തുകയുടെ 20% കെട്ടിവയ്ക്കാൻ ആവശ്യപ്പെടണമെന്ന് ആദായനികുതി വകുപ്പ് അപേക്ഷിച്ചതും നിരാകരിച്ചു.