മാനഭംഗത്തെ രാഷ്ട്രീയവൽ‌ക്കരിക്കരുത്: പ്രധാനമന്ത്രി

ലണ്ടൻ ∙ ‘മാനഭംഗം മാനഭംഗം തന്നെയാണ്. നമ്മുടെ പെൺമക്കളുടെ നേരെയുള്ള ഈ ചൂഷണം നാം എങ്ങനെ സഹിക്കും?’– പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചു. ലണ്ടൻ സന്ദർശനത്തിനിടെ വെസ്റ്റ്മിൻസ്റ്റർ സെൻട്രൽ ഹാളിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഒരു കൊച്ചു പെൺകുട്ടി മാനഭംഗത്തിനിരയാകുന്നത് വേദനാജനകമാണ്. ഇത്തരം സംഭവങ്ങൾ രാഷ്ട്രീയവൽക്കരിക്കരുത്’ – കഠ്‍വ, ഉന്നാവ് സംഭവങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന വിമർശനത്തിനു മറുപടിയായി മോദി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് എത്ര മാനഭംഗക്കേസുകളുണ്ടായി, മുൻസർക്കാരിന്റെ കാലത്ത് എത്രയുണ്ടായി എന്നു നോക്കിയിട്ടില്ല. ആ രീതിയിൽ ഇത്തരം വിഷയങ്ങളെ കാണുന്നതാണ് ഏറ്റവും മോശമായ രീതി. ഇന്നായാലും മുൻപായാലും മാനഭംഗം അങ്ങേയറ്റം ദുഃഖകരമാണ്.

സ്ത്രീകളെ ബഹുമാനിക്കാൻ എല്ലാവരും തങ്ങളുടെ ആൺമക്കളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പെൺകുട്ടി വീട്ടിൽ വൈകി വന്നാൽ അവൾ എവിടെ പോയി, എന്തുകൊണ്ടു വൈകി, ആരെയാണ് കണ്ടത് എന്നെല്ലാം മാതാപിതാക്കൾ ചോദിക്കും. അതുപോലെതന്നെ ആൺമക്കളോടും ചോദിക്കാൻ മാതാപിതാക്കൾ തയാറാകണമെന്നു താൻ മുൻപേ പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.