ആഭ്യന്തര കാര്യം മോദി എന്തിന് വിദേശത്ത് പറയുന്നു: ശിവസേന

മുംബൈ∙ രാജ്യത്തെ ആഭ്യന്തര കാര്യങ്ങൾ വിദേശത്ത് സംസാരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേനയുടെ വിമർശനം. യുകെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളാണ് സഖ്യകക്ഷിയായ സേനയെ ചൊടിപ്പിച്ചത്. തട്ടിപ്പുകാരൻ വിജയ് മല്യയ്ക്ക് അഭയം നൽകിയ യുകെയിൽ നിന്ന് വെറുംകയ്യോടെയാണ് പ്രധാനമന്ത്രി മടങ്ങിവരുന്നതെന്നും പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

കോൺഗ്രസിനോടും ഗാന്ധികുടുംബത്തോടും വെറുപ്പുണ്ടാകാം. എന്നാൽ, ആഭ്യന്തര വിഷയങ്ങൾ വിദേശ മണ്ണിൽ സംസാരിക്കുന്നത് ആർക്കും ചേർന്നതല്ല. മോദി വാതുറന്ന് കൂടുതൽ സംസാരിക്കൂ എന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ഉപദേശം സ്വീകരിക്കുന്നതു നല്ലതാണ്. രാജ്യത്തെമ്പാടും ഈ വികാരമാണുള്ളതെന്നും മുഖപ്രസംഗം പറയുന്നു.