ടിബറ്റിന്റെ തനിമ അംഗീകരിച്ചാൽ ചൈനയിൽ തുടരാം: ദലൈലാമ

ന്യൂഡൽഹി ∙ ടിബറ്റിന്റെ സാംസ്കാരിക തനിമയും സ്വയംഭരണാവകാശവും അംഗീകരിക്കുമെങ്കിൽ ചൈനയിൽ തുടരാമെന്നു ദലൈലാമ. നെഹ്റു സ്മാരക മ്യൂസിയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ‘ആഗോള സമാധാനവും മൈത്രിയും പ്രോൽസാഹിപ്പിക്കുന്നതിൽ സംസ്കാരത്തിന്റെയും ധാർമികതയുടെയും പങ്ക്’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമ.

‘ചരിത്രപരമായും സാംസ്കാരികമായും ടിബറ്റ് ചൈനയിൽനിന്നു തീർത്തും വ്യത്യസ്തമാണ്. ചൈന ഇതു ഭരണഘടനാപരമായി അംഗീകരിച്ചാൽ ടിബറ്റിനു ചൈനയിൽ തുടരാൻ കഴിയും’– ദലൈലാമ പറഞ്ഞു. ദലൈലാമ ഇന്ത്യയിൽ അഭയം തേടിയതിന്റെ 60–ാം വാർഷികത്തിന്റെ ഭാഗമായാണു നെഹ്റു സ്മാരക മ്യൂസിയം ചടങ്ങു സംഘടിപ്പിച്ചത്. 1959 മാർച്ച് 17ന് ആണു ടിബറ്റിലെ ലാസയിൽനിന്നു ദലൈലാമ പോന്നത്. ടിബറ്റ് സ്വതന്ത്രമാക്കാനുള്ള പ്രക്ഷോഭം ചൈന അടിച്ചമർത്തിയതിനു പിന്നാലെയായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹം ഇന്ത്യയിലെത്തി.