അസാറാമിനൊപ്പം മോദി: പഴയ ചങ്ങാത്തം ഓർമിപ്പിച്ച് കോൺഗ്രസ്

ന്യൂഡൽഹി ∙ പീഡനക്കേസിൽ അസാറാം ബാപ്പുവിന് ജോധ്പുർ കോടതി തടവുശിക്ഷ വിധിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസാറാം ബാപ്പുവും ഒരുമിച്ചുള്ള പഴയ വിഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ്. ‘ആളെ അറിയാം, ചങ്ങാത്തം നോക്കിയാൽ മതി’ എന്ന ഈസോപ്പ് പഴമൊഴിയായിരുന്നു തലക്കെട്ട്.

‘രാഷ്ട്രീയക്കാരൻ എന്ന നിലയിൽ എന്നെ ആരും തിരിച്ചറിയാതിരുന്നപ്പോൾപോലും ബാപ്പുവിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ടെന്ന്’ വിഡിയോയിലെ പ്രസംഗത്തിൽ മോദി പറയുന്നു. കോൺഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ് അസാറാം ബാപ്പുവിന്റെ അനുഗ്രഹം തേടുന്ന ചിത്രവും കോൺഗ്രസ് ട്വീറ്റിനു മറുപടിയായി ചിലർ അയച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ അസാറാം ബാപ്പുവിന് സ്ഥലം അനുവദിച്ചതിൽ ഖേദിക്കുന്നതായി 2013ൽ ദ്വിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു.