അപകീർത്തി‌ പോസ്റ്റ്: ബിജെപി നേതാവിന് മുൻകൂർ ജാമ്യമില്ല

ചെന്നൈ∙ വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റിട്ട ബിജെപി നേതാവ് എസ്.വി.ശേഖറിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ എസ്.വി.ശേഖറിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനുള്ള തടസ്സം നീങ്ങി.

വനിതാ മാധ്യമ പ്രവർത്തകർ മികച്ച പദവി ലഭിക്കുന്നതിനായി മോശം പ്രവൃത്തികൾ ചെയ്യുന്നവരാണെന്ന മട്ടിൽ ഏപ്രിൽ 19-നാണു ശേഖർ ഫെയ്സ്ബുക് പോസ്റ്റിട്ടത്. ഇതിനെതിരെ പത്രപ്രവർത്തക യൂണിയനും ദ് വീക് ലേഖിക ലക്ഷ്മി സുബ്രഹ്മണ്യനും ക്രൈംബ്രാഞ്ചിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ് പിൻവലിച്ച് ശേഖർ മാപ്പുപറഞ്ഞു. സുഹൃത്ത് അയച്ചുതന്ന സന്ദേശം വായിച്ചു നോക്കാതെ ഫോർവേഡ് ചെയ്യുകയായിരുന്നുവെന്നായിരുന്നു ന്യായം.