സൗഹൃദം വിളിപ്പാടകലെ; ഇന്ത്യ–ചൈന ഹോട്‌ലൈൻ വരും

ബെയ്‍ജിങ്∙ ഇന്ത്യയുടെയും ചൈനയുടെയും സൈനിക ആസ്ഥാനങ്ങൾ തമ്മിൽ ഹോട്‌ലൈൻ സ്ഥാപിക്കാൻ ധാരണയായി. സൈനിക നേതൃത്വങ്ങൾക്കിടയിൽ നേരിട്ടുള്ള ആശയവിനിമയത്തിനുവേണ്ടി ഹോട്‌ലൈൻ സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനാ പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ കഴിഞ്ഞ ആഴ്ച നടന്ന ഉച്ചകോടിയിലാണു തീരുമാനമായത്.

നിലവിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഹോട്‌ലൈൻ ഉണ്ട്. ന്യൂഡൽഹി–ബെയ്‍ജിങ് ഹോട്‌ലൈൻ 2013ലെ അതിർത്തി പ്രതിരോധ സഹകരണ കരാറിൽ (ബിഡിസിഎ) ശുപാർശ ചെയ്തിരുന്നതാണ്. കഴിഞ്ഞവർഷം 73 ദിവസം നീണ്ട ദോക്‌ ലാ സംഘർഷം പോലെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണിത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ (ഡിജിഎംഒ) തമ്മിലാണു ഹോട്‌ലൈൻ ബന്ധമുള്ളത്. ഡിജിഎംഒയ്ക്കു സമാനമായ ചൈനയിലെ സൈനിക നേതൃത്വവുമായിട്ടാകും ഹോട്‌ലൈൻ സ്ഥാപിക്കുക. ‌

എന്താണ് ഹോട്‌ലൈൻ?

രണ്ടു രാജ്യങ്ങൾ തമ്മിൽ നേരിട്ട് ഉടനടി ആശയവിനിമയം നടത്താനാണു ഹോട്‌ലൈൻ. ഒരു വശത്തു റിസീവർ എടുത്താൽ, ഡയൽ ചെയ്യാതെ തന്നെ മറുവശത്തു മണിയടിക്കും. സോവിയറ്റ് യൂണിയനും യുഎസും തമ്മിൽ ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കേ 1963ൽ ഹോട്‌ലൈൻ സ്ഥാപിച്ചിരുന്നു. അബദ്ധത്തിൽ ആണവയുദ്ധം പൊട്ടിപ്പുറപ്പെടുന്നതു തടയാനായിരുന്നു ഇത്.