യുവാക്കളെ ഉൾപ്പെടുത്തി കോൺഗ്രസിൽ കൂടുതൽ അഴിച്ചുപണി

ന്യൂഡൽഹി∙ ഹിമാചൽപ്രദേശ്, ഗുജറാത്ത്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ സംഘടനാ ചുമതലകളിൽ അഴിച്ചുപണി നടത്തി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. പുതുമുഖങ്ങളെ അണിനിരത്തി സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രവർത്തനത്തിന് ഊർജം പകരാൻ ലക്ഷ്യമിട്ടാണു നടപടി.

ഹിമാചൽ പ്രദേശിന്റെ ചുമതലയിൽനിന്നു മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെയെ നീക്കി; മുൻ രാജ്യസഭാ എംപി രജനി പാട്ടീൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും. ഗുജറാത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരായി ജിതേന്ദ്ര ബാഗെൽ, ബിശ്വരഞ്ജൻ മൊഹന്തി എന്നിവരെ നിയമിച്ചു.

മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ രാജീവ് സത്‌വ എംപിക്കു കീഴിൽ ഇവർ പ്രവർത്തിക്കും. ബിഹാറിലെ സെക്രട്ടറിമാരായി വിരേന്ദർ സിങ് റാത്തോഡ്, രാജേഷ് ലിലോതിയ എന്നിവരെ നിയമിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ഗുജറാത്ത് മുൻ പ്രതിപക്ഷ നേതാവുമായ ശക്തിസിങ് ഗോഹിലിനു കീഴിൽ ഇവർ പ്രവർത്തിക്കും. പാർട്ടി ന്യൂനപക്ഷ വിഭാഗം ചെയർമാനായി യുപിയിൽ നിന്നുള്ള മുൻ എംഎൽഎ നദീം ജാവേദിനെ നിയമിച്ചു.