ഉന്നാവിൽ വീണ്ടും പീഡനം; ഒഴിഞ്ഞുമാറി പൊലീസ്

ലക്നൗ ∙ ഉത്തർപ്രദേശിലെ ഉന്നാവിൽ ബാലികയെ മാനഭംഗപ്പെടുത്തിയതായി വീണ്ടും കേസ്. ഒൻപതു വയസ്സുള്ള കുട്ടിയെയാണ് ട്രാക്റ്റർ ഡ്രൈവറുടെ മകൻ ബുധനാഴ്ച പീഡിപ്പിച്ചത്. പൊലീസിൽ പരാതി നൽകാനെത്തിയ മാതാപിതാക്കളെ മണിക്കൂറുകളോളം നിർത്തിയ ശേഷം അടുത്ത സ്റ്റേഷനിലേക്കു പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. വാട്സാപ്പിൽ ആരോ ഇക്കാര്യം പുറത്തുവിട്ടതോടെയാണ് രണ്ടാമത്തെ സ്റ്റേഷനിൽ കേസെടുത്തത്.

ഗംഗാസ്നാനം നടത്താനും ഗ്രാമീണമേളയിൽ പങ്കെടുക്കാനും നാട്ടിൽനിന്ന് ട്രാക്റ്ററിലാണ് കുട്ടിയുമായി മാതാപിതാക്കൾ വന്നത്. ട്രാക്റ്റർ ഡ്രൈവറുടെ മകൻ ചോട്ടു (25) ബാലികയെ ഒഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ആൾക്കൂട്ടവും ബഹളവും കാരണം കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. സംഭവം അറിഞ്ഞ മാതാപിതാക്കൾ കുട്ടിയുമായി ഔരാസ് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല. മണിക്കൂറുകൾ കഴിഞ്ഞ് വാട്സാപ് സന്ദേശം വന്നതോടെ, സംഭവസ്ഥലം ഉൾപ്പെടുന്ന സഫിപുർ സ്റ്റേഷനിലേക്കു പറഞ്ഞുവിട്ടു. അവിടെ കേസെടുക്കുകയും ആശുപത്രിയിൽ വൈദ്യപരിശോധന നടത്തുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഉന്നാവിൽ ബിജെപി എംഎൽഎ നടത്തിയ മാനഭംഗത്തെക്കുറിച്ചു പരാതി നൽകി ഒൻപതു മാസം കഴിഞ്ഞിട്ടും കേസെടുക്കാതിരുന്നത് അടുത്ത കാലത്തു വിവാദമായിരുന്നു. തുടർന്നു കോടതിയിൽ പരാതി നൽകിയ പിതാവിനെ എംഎൽഎയുടെ ഗുണ്ടകൾ മർദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലിടുകയുമായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് ഇയാൾ മരിച്ചതോടെയാണ് നടപടി ഉണ്ടായത്. കേസ് സിബിഐക്കു വിട്ടശേഷമാണ് എംഎൽഎയെ പ്രതിയാക്കിയത്.