Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നാവ് പീഡനക്കേസ്: രണ്ട് എസ്ഐമാർ അറസ്റ്റിൽ

UP-Unnao-Rape-Case

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ ഉന്നാവ് പീഡനക്കേസിൽ രണ്ടു പൊലീസ് സബ് ഇൻസ്പെക്ടർമാരെ സിബിഐ അറസ്റ്റ് ചെയ്തു. ഉന്നാവ് ജില്ലയിൽ മാഖി പൊലീസ് സ്റ്റേഷനിലെ അശോക് സിങ് ഭണ്ഡൂരിയ, കംത പ്രസാദ് സിങ് എന്നിവരെ തെളിവുകൾ നശിപ്പിച്ചതിനും കുറ്റകരമായ ഗൂഢാലോചന നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. ഇവർ സസ്പെൻഷനിലായിരുന്നു. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.

ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ വസതിയിൽ 2017 ജൂൺ നാലിനാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ബിജെപി എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു പെൺകുട്ടി പരാതി നൽകിയതോടെ, 2018 ഏപ്രിൽ അഞ്ചിനു പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ഏപ്രിൽ എട്ടിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിൽ പിതാവ് മരിച്ചതോടെയാണു വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചത്.

പെൺകുട്ടി ആദ്യം പരാതി നൽകിയപ്പോൾ എംഎൽഎയുടെയും മറ്റു ചില പ്രതികളുടെയും പേര് എഫ്ഐആറിൽ ഉൾപ്പെടുത്താൻ ലോക്കൽ പൊലീസ് തയാറായില്ലെന്നു സിബിഐ കണ്ടെത്തിയിട്ടുണ്ട്. പിന്നീടു കുറ്റപത്രം തയാറാക്കിയപ്പോഴും ആ പേരുകൾ ഒഴിവാക്കി. രാഷ്ട്രീയ വിവാദമായി മാറിയതിനെ തുടർന്നാണു കേസ് സിബിഐയ്ക്കു വിട്ടത്. ഡിവൈഎസ്പി, എസ്എച്ച്ഒ, നാലു പൊലീസുകാർ എന്നിവരെ പിന്നീടു സസ്പെൻഡ് ചെയ്യുകയായിരുന്നു.

കഠ്​വ കേസ്: പൊലീസിനു സുപ്രീം കോടതി നിർദേശം 

ന്യൂഡൽഹി∙ ജമ്മുവിലെ കഠ്​വയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ സാക്ഷികളെ അവരുടെ കുടുംബാംഗങ്ങൾക്കു കാണാവുന്ന അകലത്തിൽ നിർത്തി ചോദ്യം ചെയ്യാൻ സുപ്രീം കോടതി ജമ്മു–കശ്മീർ പൊലീസിനു നിർദേശം നൽകി. 

ചോദ്യം ചെയ്യുമ്പോൾ പൊലീസ് ദ്രോഹിക്കുന്നുവെന്ന സാക്ഷികളുടെ പരാതിയെതുടർന്നാണിത്. കേസിന്റെ വിചാരണ സുപ്രീം കോടതി പഞ്ചാബിലെ പഠാൻകോട്ടിലേക്കു മാറ്റിയിരുന്നു.