പറയൂ, എന്താണ് അഭിപ്രായം? സർക്കാരിനെ വിലയിരുത്താൻ നമോ ആപ്പിൽ സംവിധാനം

ന്യൂഡൽഹി∙ കേന്ദ്ര സർക്കാരിനെയും എംപിമാരെയും എംഎൽഎമാരെയും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട്. ഇതിനായി ‘നമോ’ മൊബൈൽ ആപ്ലിക്കേഷനിൽ സംവിധാനം ഏർപ്പെടുത്തി. കേന്ദ്ര സർക്കാരിനെ എല്ലാവർക്കും വിലയിരുത്താനുള്ള അവസരമുണ്ട്. എംപിമാരുടെയും എംഎൽഎമാരുടെയും കാര്യത്തിൽ അതതു മണ്ഡലങ്ങളിലുള്ളവർക്കാണ് വിലയിരുത്താൻ കഴിയുക.

കേന്ദ്രസർക്കാരിന്റെ പദ്ധതികളെക്കുറിച്ച് ജനങ്ങൾ എന്തു കരുതുന്നു, ഭരണസംസ്കാരത്തിൽ മാറ്റമുള്ളതായി ജനങ്ങൾ കരുതുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ പങ്കുവയ്ക്കാൻ അവസരമുണ്ട്. അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർവേയ്ക്കു ബിജെപി വലിയ പ്രാധാന്യം നൽകുന്നുണ്ട്.

നോട്ട് റദ്ദാക്കലിനെക്കുറിച്ച് 2016 നവംബറിൽ നമോ ആപ്പിൽ നടത്തിയ സർവേയിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തിരുന്നു.