ബ്രിക്സ്, ഇബ്സ യോഗം: സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കയിൽ

ന്യൂഡൽഹി∙ അഞ്ചു ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചു. ബ്രിക്സ്, ഇബ്സ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനങ്ങളിലും മഹാത്മാ ഗാന്ധിയെ ട്രെയിനിൽ നിന്നു പുറത്താക്കിയതിന്റെ 125–ാം വാർഷികദിന ചടങ്ങുകളിലും പങ്കെടുക്കും. ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം നാളെയാണു നടക്കുക. ഇബ്സ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സമ്മേളനത്തിൽ സുഷമ സ്വരാജ് അധ്യക്ഷത വഹിക്കും.

പീറ്റർമാരിസ്‌ബർഗ് റെയിൽവേ സ്‌റ്റേഷനിൽ 1893 ജൂൺ ഏഴിനാണ്, വെള്ളക്കാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന ഒന്നാം ക്ലാസ് തീവണ്ടിമുറിയിൽ നിന്നു ഗാന്ധിജിയെ പുറത്താക്കിയത്. വർണവിവേചനത്തിനെതിരായ പോരാട്ടങ്ങൾക്കു തുടക്കമിട്ട ഈ സംഭവത്തിന്റെ വാർഷിക ദിനത്തിൽ പീറ്റർമാരിസ്ബർഗ് റെയിൽവേ സ്റ്റേഷൻ ഖാദി കൊണ്ട് അലങ്കരിക്കും.