ആഗോള സുരക്ഷ: സിംഗപ്പൂരിൽ മോദി – മാറ്റിസ് ചർച്ച

മഹാത്മജിയുടെ ഓർമയിൽ... സിംഗപ്പൂരിലെ ക്ലിഫോർഡ് പൈറിൽ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ സ്ഥലത്തെ ഫലകം പ്രധാനമന്ത്രി അനാവരണം ചെയ്തപ്പോൾ. സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ഗോ ചോക് തോങ് സമീപം. ചിത്രം: പിടിഐ

സിംഗപ്പൂർ∙ ആഗോള സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും ചർച്ച നടത്തി. ഒരുമണിക്കൂർ നീണ്ട ചർച്ചയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. യുഎസ് സൈന്യത്തിന്റെ പസഫിക് കമാൻഡിനെ ഇൻഡോ–പസഫിക് കമാൻഡ് എന്നു പുനർനാമകരണം ചെയ്തതിനു പിന്നാലെ നടന്ന ചർച്ചയിൽ തെക്കൻ ചൈനാ കടലിലെ ചൈനീസ് സൈനിക സാന്നിധ്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർന്നുവന്നു.

സമുദ്രങ്ങൾ ഉൾപ്പെടെ പൊതു ഇടങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും ഇതു സംബന്ധിച്ച രാജ്യാന്തര നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചർച്ചയിൽ ഇതിനെ മാറ്റിസ് പിന്തുണച്ചതായി വിദേശകാര്യ വക്താവ് അറിയിച്ചു. തെക്കൻ ചൈനാ കടലിന്റെ ഉടമസ്ഥാവാകാശം സംബന്ധിച്ചു മേഖലയിലെ മറ്റു രാജ്യങ്ങൾ ചൈനയുമായി തർക്കത്തിലാണ്. യുഎസും ചൈനയുടെ അവകാശവാദം അംഗീകരിച്ചിട്ടില്ല.

മൂന്നു ദിവസത്തെ ഇന്തൊനീഷ്യ, മലേഷ്യ, സിംഗപ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി. സിംഗപ്പൂരിൽ ഏഷ്യന്‍ പ്രതിരോധ–യുദ്ധതന്ത്ര സമ്മേളനത്തില്‍, ഏഷ്യന്‍ രാജ്യങ്ങൾ സഹകരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞാണു മോദിയുടെ മടക്കം. ക്ലിഫോർഡ് പൈറിൽ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ സ്ഥലത്തെ ഫലകം പ്രധാനമന്ത്രി അനാവരണം ചെയ്തു. ചൈനാ ടൗണിൽ പ്രസിദ്ധ ഹിന്ദു–ബുദ്ധ ക്ഷേത്രങ്ങളിലും മസ്ജിദിലും അദ്ദേഹം സന്ദർശനം നടത്തി. ഇന്ത്യൻ പണമിടപാട് മൊബൈൽ ആപ്പുകളായ ഭീം, റുപേ, എസ്ബിഐ എന്നിവ സിംഗപ്പൂരിൽ അവതരിപ്പിച്ച പ്രധാനമന്ത്രി റുപേ കാർഡ് ഉപയോഗിച്ചു പെയിന്റിങ് വാങ്ങിയ വിവരവും ട്വിറ്ററിൽ പങ്കുവച്ചു. 

സന്ദർശനത്തിന് ‘ഓർമപ്പൂക്കൾ’ 

‘ഡെൻഡ്രോബിയം നരേന്ദ്ര മോദി’ പൂക്കുമ്പോൾ സിംഗപ്പൂർ ഇനി മോദിയെ ഒർമിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഓർമയക്ക് ഓർക്കിഡ് ചെടിക്ക് അദ്ദേഹത്തിന്റെ പേരു നൽകി സിംഗപ്പൂരിന്റെ ആദരം. ദേശീയ ഓർക്കിഡ് തോട്ടം സന്ദർശനത്തിനിടെയാണു ‘ഡെൻഡ്രോബിയം നരേന്ദ്ര മോദി’ എന്ന് ഓർക്കിഡ് ചെടിക്കു പേരു നൽകിയത്. 

വിശ്രമമില്ലാത്ത പ്രവർത്തനം

2001 മുതൽ 15 മിനിറ്റ് പോലും അവധിയെടുക്കാതെ താൻ പ്രവർത്തിക്കുകയാണെന്നു നരേന്ദ്ര മോദി. നൻയാങ് സാങ്കേതിക സർവകലാശലയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. കണ്ടുപിടിത്തങ്ങളിലൂടെ ജീവിതത്തെ നവീകരിക്കണമെന്നും മോദി വിദ്യാർഥികളോട് ആവശ്യപ്പെട്ടു.