പ്രണബ് ഇന്ന് ആർഎസ്എസ് വേദിയിൽ

പ്രണബ് മുഖർജി നാഗ്‌പുരിൽ

ന്യൂഡൽഹി∙ ഇന്നു നാഗ്‌പുരിൽ ആർഎസ്എസ് സമ്മേളനത്തിൽ മുൻരാഷ്ട്രപതി പ്രണബ് മുഖർജി മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്നലെ നാഗ്‌പുരിലെത്തിയ മുൻരാഷ്ട്രപതിയെ ആർഎസ്എസ് പ്രവർത്തകർ സ്വീകരിച്ചു. കോൺഗ്രസ് നേതാവായിരിക്കെ ആർഎസ്എസിനോടു വിമർശനപരമായ നിലപാടു സ്വീകരിച്ചിരുന്ന പ്രണബ് ആദ്യമായാണ് ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കുന്നത്.

ആർഎസ്എസിന്റെ ക്ഷണം സ്വീകരിച്ചതിനു കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ഇടതുനേതാക്കളും പ്രണബിനെതിരെ രംഗത്തെത്തിയിരുന്നു. ചടങ്ങിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു ഒട്ടേറെ കത്തുകളും ഫോൺ സന്ദേശങ്ങളും ലഭിച്ചെങ്കിലും തനിക്കു പറയാനുള്ളതു നാഗ്‌പുരിലെ ചടങ്ങിൽ പറയുമെന്നാണു മുൻരാഷ്ട്രപതി പ്രതികരിച്ചത്.