സംവിധായകൻ പ്രിയനന്ദനനെ മർദിച്ച കേസ്: ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

priyanandanan-attack
SHARE

തൃശൂർ‌∙ സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂർ വല്ലച്ചിറ സ്വദേശി സരോവറാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ആർഎസ്എസ് പ്രവർത്തകനാണു സംഭവത്തിനു പിന്നിലെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

പട്ടാപ്പകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ചും മര്‍ദിച്ചുമായിരുന്നു ആക്രമണം. വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദനന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. തലയിലും മുഖത്തും മര്‍ദിച്ചു. കണ്ടുനിന്ന നാട്ടുകാരും സുഹൃത്തുക്കളും ഓടി എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപ്പെട്ടു.

സംഭവത്തിനു പിന്നാലെ സരോവര്‍ വല്ലച്ചിറ ഒളിവിൽ പോയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടാനായത്. ശബരിമല വിഷയത്തില്‍ പ്രിയനന്ദനൻ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വിവാദമായിരുന്നു. ഭാഷ മോശമാണെന്നു ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹംതന്നെ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. പക്ഷേ, ബിജെപി, ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനനു നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഭീഷണി വ്യാപകമായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA