ഇന്ത്യയിൽ നിന്ന് അരിയും പഞ്ചസാരയും ചൈനയിലേക്ക്

ക്വിങ്ദാവോയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി, കിർഗിസ്ഥാൻ പ്രസിഡന്റ് സൂറൊൻബേ ജീൻബെകോവ്, തജിക്കിസ്ഥാൻ പ്രസിഡന്റ് ഇമോമാലി റാഖ്മോൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, കസഖ്സ്ഥൻ പ്രസിഡന്റ് നൂർ സുൽത്താൻ നാസർബയേവ്, ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്, പാക്കിസ്ഥാൻ പ്രസിഡന്റ് മംമ്നൂൻ ഹുസൈൻ എന്നിവർ ഫോട്ടോയ്ക്കായി അണിനിരന്നപ്പോൾ. ചിത്രം: എപി

ക്വിങ്ദാവോ (ചൈന)∙ ഇന്ത്യയിൽനിന്ന് അരി, പഞ്ചസാര തുടങ്ങിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു പുതിയ കരാറുണ്ടാക്കാൻ ചൈന. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചർച്ചയിലാണു രണ്ടുവർഷത്തിനകം 10,000 കോടി ഡോളർ ലക്ഷ്യമിടുന്ന വ്യാപാരക്കരാറിന്റെ കാര്യം പ്രസിഡന്റ് ഷി ചിൻപിങ് മുന്നോട്ടുവച്ചത്.

കഴിഞ്ഞവർഷം ഇന്ത്യ–ചൈന വ്യാപാരം 18.63% ഉയർന്ന് 8444 കോടി ഡോളറിലെത്തി. ചൈനീസ് സർക്കാർ ബാങ്കിനു മുംബൈയിൽ ശാഖ തുടങ്ങാനും അനുമതിയായി. അടുത്ത ഉച്ചകോടി ഇന്ത്യയിൽ നടത്തും. എട്ടു രാജ്യങ്ങളുടെ കൂട്ടായ്മയായ എസ്‌സിഒ ഉച്ചകോടിയിൽ കസഖ്‌സ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായും വിവിധ വിഷയങ്ങളിൽ മോദി ചർച്ചനടത്തി.

രാജ്യാന്തര സൗരോർജ സഖ്യത്തിൽ അണി ചേരാൻ കസഖ്‌സ്ഥാൻ പ്രസിഡന്റ് നുർസുൽത്താൻ നസർബയേവുമായി നടത്തിയ ചർച്ചയിൽ മോദി ആഹ്വാനം ചെയ്തു. പാരമ്പര്യ ഊർജസ്രോതസ്സുകൾക്കു പകരം സൗരോർജ പദ്ധതികൾക്ക് ഊന്നൽ നൽകാൻ 2015 ലാണു രാജ്യാന്തര സൗരോർജ സഖ്യത്തിനു തുടക്കമായത്.

അതിർത്തികടന്നുള്ള ഭീകരതയുടെ പേരിൽ ഇന്ത്യ–പാക്ക് ബന്ധം ഉലഞ്ഞുനിൽക്കുകയാണെങ്കിലും ഉച്ചകോടിക്കിടെ പാക്കിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്യുകയും ഹസ്തദാനം നടത്തുകയും ചെയ്തു. ഇരുവരും തമ്മിൽ കുശലസംഭാഷണവും നടന്നു. ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാനും കഴിഞ്ഞവർഷമാണു എസ്‌സിഒയിൽ പൂർണസമയ അംഗങ്ങളായത്.