നിത്യം ആരോഗ്യ മോദി : വ്യായാമ വിഡിയോയുമായി മോദി; തുടർ ചാലഞ്ച് കുമാരസ്വാമിക്ക്

ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവച്ച വ്യായാമത്തിന്റെ വിഡിയോ ചിത്രങ്ങൾ

ന്യൂഡൽഹി∙ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി, തുടർ ചാലഞ്ച് നൽകിയതു കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക്. ദിവസേന ചെയ്യുന്ന വ്യായാമം എന്നറിയിച്ചാണു മോദി ട്വിറ്ററിലൂടെ വിഡിയോ പുറത്തുവിട്ടത്.

എന്നാൽ കർണാടകയുടെ ആരോഗ്യത്തിലാണു തന്റെ ശ്രദ്ധയെന്നും അതിനു പിന്തുണ വേണമെന്നും ട്വിറ്ററിലൂടെ തന്നെ മറുപടി നൽകിയ കുമാരസ്വാമി ചാലഞ്ച് ഏറ്റെടുക്കുമെന്നോ നിരസിക്കുന്നതായോ പറഞ്ഞില്ല. പകരം യോഗയും ട്രെഡ്മില്ലും തന്റെ ദിനചര്യയുടെ ഭാഗമാണെന്നായിരുന്നു പ്രതികരണം. കുമാരസ്വാമിക്കു പുറമെ, ടേബിൾ ടെന്നീസ് താരം മാണിക ബത്രയ്ക്കും നാൽപ്പതിനു മേൽ പ്രായമുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കും മോദി തുടർചാലഞ്ച് നൽകി.

ലോക്‌കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലെ പുൽമൈതാനിയിൽ കറുത്ത നിറത്തിലുള്ള ജോഗിങ് വേഷത്തിൽ മോദി യോഗ ചെയ്യുന്നതും നടക്കുന്നതുമൊക്കെ ഒന്നര മിനിറ്റ് വിഡിയോയിലുണ്ട്. കോഹ്‌ലിയുടെ ചാലഞ്ച് ഏറ്റെടുത്ത മോദി വിഡിയോ ഉടൻ പങ്കുവയ്ക്കുമെന്നു മേയ് 23നാണ് അറിയിച്ചത്.

ഒളിംപിക് വെള്ളി മെഡൽ ജേതാവ് കൂടിയായ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണു ചാലഞ്ച് തുടങ്ങിവച്ചത്. ഫിറ്റ്നസ് ചാലഞ്ചിനു പകരം പെട്രോൾ വില കുറയ്ക്കാൻ വെല്ലുവിളിച്ചു രാഹുൽ ഗാന്ധിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു കോൺഗ്രസും രംഗത്തുവന്നിരുന്നു.

നരേന്ദ്ര മോദി: ഉന്മേഷം പകരും യോഗയും നടത്തവും പ്രഭാത വ്യായാമത്തിലെ ചില നിമിഷങ്ങൾ പങ്കുവയ്ക്കുന്നു. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയിലൂടെ സൃഷ്ടിച്ചെടുത്ത പാതകളിലൂടെ നടത്തം ഉന്മേഷം പകരുന്നതാണ്. ശ്വസന വ്യായാമവും ഒപ്പം ചെയ്യുന്നുണ്ട്.

എച്ച്.ഡി.കുമാരസ്വാമി: കൂടുതൽ ചിന്ത സംസ്ഥാനത്തെക്കുറിച്ച് എന്റെ ആരോഗ്യം അങ്ങു പരിഗണിച്ചതിനു നന്ദി, ഞാൻ ആദരിക്കപ്പെട്ടിരിക്കുന്നു. ശാരീരിക ക്ഷമത എന്തുകൊണ്ടും പ്രധാനമാണ്. യോഗയും ട്രെഡ്മില്ലും എന്റെ ദിവസവ്യായാമത്തിന്റെ ഭാഗമാണ്. പക്ഷേ, ഞാൻ കൂടുതൽ ആശങ്കപ്പെടുന്നത് സംസ്ഥാനത്തിന്റെ വികസനത്തെയും ക്ഷമതയേയും കുറിച്ചാണ്. ഇക്കാര്യത്തിൽ അങ്ങയുടെ പിന്തുണ ആഗ്രഹിക്കുന്നു.