വാട്‌സാപ് നുണ: ത്രിപുരയിൽ ഒരാളെ‌ അടിച്ചുകൊന്നു

അഗർത്തല∙ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തിലൂടെ പരന്ന അഭ്യൂഹത്തിനു പിന്നാലെ, ത്രിപുരയിൽ ആൾക്കൂട്ടം ഒരാളെ അടിച്ചുകൊന്നു. രണ്ടുപേർക്കു ഗുരുതര മർദനമേറ്റു. ജഹിർ ഖാനാണു കൊല്ലപ്പെട്ടത്. ഗുൽസർ, ഖുർഷിദ് ഖാൻ എന്നിവർ ആശുപത്രിയിലാണ്. ഉത്തർപ്രദേശ് സ്വദേശികളായ വ്യാപാരികളാണു മൂന്നുപേരും.

ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞാണ് ആൾക്കൂട്ടം ആക്രമിച്ചത്. പൊലീസ് ആകാശത്തേക്കു വെടിവച്ചാണു ജനക്കൂട്ടത്തെ പിരിച്ചയച്ചത്. വാട്‌സാപ് വഴി പ്രചരിച്ച അഭ്യൂഹങ്ങളുടെ പേരിൽ ഒരു വർഷത്തിനിടെ രാജ്യത്തുണ്ടായ 24–ാമത്തെ കൊലയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ, ഇതേ പേരിൽ ഛത്തീസ്‌ഗഡിലും ഗുജറാത്തിലും രണ്ടുപേർക്കു ക്രൂരമർദനമേറ്റിരുന്നു.

പടിഞ്ഞാറൻ ത്രിപുരയിലെ മോഹൻപുരിൽ ചൊവ്വാഴ്ച രാത്രി നാലാം ക്ലാസ് വിദ്യാർഥിയായ പൂർണ ബിശ്വാസ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അവയവമോഷണത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെപ്പറ്റി വാട്‌സാപ്പിൽ കഥകൾ പ്രചരിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ വൃക്കകൾ നഷ്ടപ്പെട്ടിരുന്നുവെന്നാണ് അഭ്യൂഹം പ്രചരിച്ചത്. പൊലീസ് ഇതു നിഷേധിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ വഴി നുണ പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബും രംഗത്തെത്തി.