ഭക്ഷ്യോൽപന്നങ്ങളിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും നിയന്ത്രിക്കും

ന്യൂഡൽഹി∙ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ തന്നെ കൊഴുപ്പും ഉപ്പും മധുരവും നിയന്ത്രിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഇതിനായി പാക്കേജിങ്ങും ലേബലിങ്ങും സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റംവരുത്തും.

അഞ്ചുമാസത്തിനുള്ളിൽ ഇതിന്റെ രൂപരേഖ തയാറാക്കി പൊതുഅഭിപ്രായത്തിനു നൽകും. ശേഷമേ ചട്ടങ്ങൾ ഔദ്യോഗികമാക്കൂ. അതുവരെ ഇക്കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ കമ്പനികൾ സ്വമേധയാ തയാറാവണമെന്നും എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം വളർത്താൻ ‘ഈറ്റ് റൈറ്റ്’ പ്രചാരണ പരിപാടിക്കു തുടക്കം കുറിക്കുകയായിരുന്നു എഫ്എസ്എസ്എഐ.

ഭക്ഷ്യോൽപന്നങ്ങളിൽ കൊഴുപ്പു മുതൽ പഞ്ചസാരയുടെ വരെ അളവു കുറയ്ക്കുമെന്ന് ഭക്ഷ്യ എണ്ണ ഉൽപാദന രംഗത്തെയും ബേക്കറി രംഗത്തെയും ചില വമ്പൻ കമ്പനികൾ പ്രതിജ്ഞയെടുത്തു. ഭക്ഷണപദാർഥങ്ങളിൽ ഇവയുടെ അളവു കുറയ്ക്കാൻ പ്രചാരണ പരിപാടിയുടെ ബ്രാൻഡ് അംബാസഡറും നടനുമായ രാജ്കുമാർ റാവു ആവശ്യപ്പെടുന്ന വിഡിയോയും പ്രകാശനം ചെയ്തു.