Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരക്ഷാ പ്രവർത്തകർക്കു പൂമാല: കേന്ദ്രമന്ത്രി ഖേദം പ്രകടിപ്പിച്ചു

Jayant Sinha

റാഞ്ചി ∙ രാംഗഡിൽ പശുമാംസം കടത്തുന്നതായി ആരോപിച്ചു വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടവരെ പൂമാല ചാർത്തി സ്വീകരിച്ചതിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഖേദം പ്രകടിപ്പിച്ചു. രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടർന്നാണു ഖേദപ്രകടനം. സിൻഹയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ബിജെപി വിട്ട യശ്വന്ത് സിൻഹയും മകനെതിരെ രംഗത്തു വന്നതിനു പിന്നാലെ കേന്ദ്ര സർവീസിൽനിന്നു വിരമിച്ച 50 മുതിർന്ന ഉദ്യോഗസ്ഥരും ജയന്തിനെ രൂക്ഷമായി വിമർശിച്ചു.

അലിമുദീൻ എന്ന അസ്കർ അൻസാരിയെ കഴിഞ്ഞവർഷം ‍ജൂൺ 29 നാണ് അൻപതോളം പേർ മർദിച്ചുകൊന്നത്. മാർച്ച് 21ന് അതിവേഗ കോടതി 11 പേർക്കു ജീവപര്യന്തം ശിക്ഷവിധിച്ചു. ശിക്ഷിക്കപ്പെട്ട ബിജെപി പ്രദേശിക നേതാവു നിത്യാനന്ദ മഹാതോ അടക്കം എട്ടു പേർക്കു ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിച്ചപ്പോഴാണു കേന്ദ്രമന്ത്രി ഇവർക്കു സ്വീകരണം നൽകിയത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലിമുദീന്റെ ഭാര്യ മറിയം ഖാറ്റൂൺ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ ഒരാൾക്കു കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.