പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിലും ബിജെപി എംഎൽഎ പ്രതി

കുൽദീപ് സിങ് സെൻഗർ

ന്യൂഡൽഹി ∙ ഉന്നാവിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടതിനു ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് സെൻഗർ, മാഖി പൊലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷൻ ഓഫിസർ അശോക് സിങ് ഭദൂരിയ, സബ് ഇൻസ്പെക്ടർ കമ്ത പ്രസാദ് സിങ്, കോൺസ്റ്റബിൾ ആമിർഖാൻ തുടങ്ങിയവരെ പ്രതികളാക്കി സിബിഐ കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, പൊതുജനസേവകന്റെ നിയമലംഘനം, വ്യാജരേഖാസമർപ്പണം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. കുറ്റപത്രം ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ചു. മാനഭംഗക്കേസിലും എംഎൽഎ അടക്കമുള്ളവർ പ്രതികളാണ്.

ബങ്കർമാവിൽനിന്നു നാലുതവണ എംഎൽഎയായ സെൻഗർ മേഖലയിൽ വൻസ്വാധീനമുള്ള വ്യക്തിയാണ്. മകളെ മാനഭംഗപ്പെടുത്തിയ കേസിൽ പൊലീസ് നടപടിയെടുക്കാതിരുന്നതിനെത്തുടർന്നു പിതാവ് കോടതിയെ സമീപിച്ചതാണു കള്ളക്കേസിനു കാരണം. എംഎൽഎയുടെ സഹോദരനും ഗുണ്ടകളും പെൺകുട്ടിയുടെ പിതാവിനെ മർദിക്കുകയും തുടർന്ന് നാടൻതോക്ക് പ്രയോഗിക്കാൻ ശ്രമിച്ചുവെന്ന കള്ളപ്പരാതി നൽകി പിതാവിനെ ജയിലിൽ ഇടുകയുമായിരുന്നു. പിറ്റേന്നു പിതാവ് ജയിലിൽ മരിച്ചു. ഇതെ തുടർന്നു പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു.