യുപിയിൽ അടിപതറാതെ മുന്നേറാൻ വികസന മന്ത്രവുമായി നരേന്ദ്രമോദി

നരേന്ദ്രമോദി

ന്യൂഡൽഹി∙ ഉത്തർപ്രദേശ് നിലനിർത്താൻ വികസന വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സംസ്ഥാന പര്യടനം ഇന്നു തുടങ്ങും. സ്വന്തം മണ്ഡലമായ വാരാണസിയിൽ 1,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി, സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ അസംഗഡിൽ 23,000 കോടി രൂപയുടെ ലക്നൗ–ഗാസിപ്പൂർ എക്സ്പ്രസ് വേയ്ക്കും തറക്കല്ലിടും. വാരാണസി, അസംഗഡ്, മിർസപ്പൂർ എന്നിവിടങ്ങളിൽ പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കും.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കാൻ യുപിയിൽ അടിപതറാതെ നോക്കുകയാണു ബിജെപിയുടെ ലക്ഷ്യം. പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുയർത്തുന്ന ഭീഷണി നേരിടാൻ ത്രിമുഖ മുന്നേറ്റം ആവശ്യമാണെന്നു പാർട്ടി കരുതുന്നു. അതിൽ പ്രധാന ഘടകമാണു വികസനം. ദലിതരെയും പിന്നാക്കക്കാരെയും ആകർഷിക്കാനുള്ള ‌‌രാഷ്ട്രീയനീക്കങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിലൂന്നിയുള്ള പ്രചാരണപരിപാടിയുമാണു മറ്റുള്ളവ.

ഇതേസമയം, എക്സ്പ്രസ് വേയുടെ പിതൃത്വത്തെച്ചൊല്ലി സമാജ്‌വാദി പാർട്ടിയും ബിജെപിയും തമ്മിൽ വാ‌‌ക്‌യുദ്ധം തുടങ്ങി. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റേതാണ് ആശയമെന്നാണു സമാജ്‌വാദിയുടെ വാദം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 150 വൻ റാലികൾ നടത്താനും ബിജെപിക്കു പദ്ധതിയുണ്ട്. ഇതിൽ 50 റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.