സുപ്രീംകോടതി ചോദിക്കുന്നു: നിരീക്ഷണ ഭരണമോ?; സമൂഹമാധ്യമ നിരീക്ഷണ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം

ന്യൂഡൽഹി ∙ ജനങ്ങളുടെ വാട്സാപ് സന്ദേശങ്ങൾ വരെ ചോർത്തുന്ന നിരീക്ഷണ ഭരണത്തിനാണോ കേന്ദ്രസർക്കാരിന്റെ ശ്രമമെന്നു സുപ്രീം കോടതി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സമൂഹമാധ്യമ നിരീക്ഷണ പദ്ധതിക്കെതിരെയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വാക്കാലുള്ള പരാമർശങ്ങൾ. രണ്ടാഴ്ചയ്ക്കകം മന്ത്രാലയം നിലപാട് വ്യക്തമാക്കണമെന്നും നിർദേശിച്ചു.

കേന്ദ്ര നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എംഎൽ‍എ മഹുവ മൊയ്ത്ര നൽ‍കിയ പൊതു താൽപര്യ ഹർജിയാണു കോടതി പരിഗണിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം സർക്കാർ ലംഘിക്കുന്നുവെന്നു ഹർജിയിൽ ആരോപിക്കുന്നു. പൊതുതാൽപര്യമോ ദേശീയ സുരക്ഷയോ ലക്ഷ്യമിട്ടല്ല, സാങ്കേതികവിദ്യ ഉപയോഗിച്ചു വ്യക്തികളെ വരുതിക്കു നിർത്താനാണു ശ്രമമെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഹർജി അടുത്ത മാസം മൂന്നിനു വീണ്ടും പരിഗണിക്കും.