പ്രഫഷനലുകളെ ലക്ഷ്യമിട്ട് കോൺഗ്രസ്

ന്യൂഡൽഹി∙ പ്രഫഷനൽ മേഖലയിലുള്ളവരെ ഒപ്പം നിർത്തുന്നതിനുള്ള പ്രചാരണ പരിപാടികൾക്കു തുടക്കമിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. പ്രഫഷനൽ കോൺഗ്രസ് ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലുള്ളവരുടെ വോട്ട് ബാങ്കിലേക്കു രാഹുൽ വിരൽചൂണ്ടിയത്. ഡോക്ടർമാർ, എൻജിനീയർമാർ, ഐടി ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കിടയിൽ കേന്ദ്ര വിരുദ്ധ വികാരമുണ്ടെന്നും അതു മുതലെടുക്കണമെന്നും രാഹുൽ നിർദേശിച്ചു.

പാർട്ടിയുടെ പ്രകടനപത്രികയിൽ പ്രഫഷനലുകളെ ലക്ഷ്യമിട്ടുള്ള വിവിധ വാഗ്ദാനങ്ങൾ ഇടംപിടിക്കും. പ്രകടനപത്രികയ്ക്കു രൂപം നൽകാനുള്ള സമിതിയിൽ പ്രഫഷനൽ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ശശി തരൂരിനെ ഉൾപ്പെടുത്തി. തിരഞ്ഞെടുപ്പിൽ മാത്രമല്ല, എക്കാലവും പാർട്ടിക്കൊപ്പം നിർത്തേണ്ട വിഭാഗമാണു പ്രഫഷനൽ ജീവനക്കാരെന്നു രാഹുൽ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കക്ഷികൾ കാര്യമായ ശ്രദ്ധ നൽകാത്ത പ്രഫഷനലുമാരിൽ പുതുതലമുറയിൽപ്പെട്ട വലിയ വിഭാഗമുണ്ട്. ഇവർക്കിടയിലുള്ള നിഷ്പക്ഷ വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കു രൂപം നൽകണമെന്നും രണ്ടു മണിക്കൂർ കൂടിക്കാഴ്ചയിൽ രാഹുൽ ആവശ്യപ്പെട്ടു.

ഈ മേഖലയിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കിയതിനുള്ള പ്രവർത്തന മികവിനു കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ, സെക്രട്ടറി സുധീർ മോഹൻ, വൈസ് പ്രസിഡന്റ് രാജൻ ജോർജ്, എഐസിസി സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡന്റുമായ ശ്രീനിവാസൻ കൃഷ്ണൻ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

കെപിസിസി പ്രസിഡന്റ് ഉടൻ: രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം വൈകില്ലെന്നു രാഹുൽ ഗാന്ധി. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു രാഹുൽ ഇക്കാര്യമറിയിച്ചത്. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനം വൈകുന്നതു സംസ്ഥാന ഘടകത്തിനു ഗുണകരമല്ലെന്നും നിലവിലെ പ്രസിഡന്റ് തുടരുകയോ പുതിയ ആളെ നിയോഗിക്കുകയോ ചെയ്യുന്ന കാര്യത്തിൽ അടിയന്തര തീരുമാനം വേണമെന്നും സംഘം അറിയിച്ചപ്പോഴായിരുന്നു രാഹുലിന്റെ മറുപടി.